വിശ്വാസികള്‍ അടക്കം 6 തൊഴിലാളികള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു

Breaking News India Top News

വിശ്വാസികള്‍ അടക്കം 6 തൊഴിലാളികള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു
കാണ്ഡമല്‍ ‍: ഒഡീഷയില്‍ തെറ്റിദ്ധാരണ മൂലം മാവോയിസ്റ്റ് വിരുദ്ധ സേനയുടെ തോക്കിനിരയായ 6 ആദിവാസി തൊഴിലാളികളില്‍ 2 പേര്‍ പെന്തക്കോസ്തു സഭാ വിശ്വാസികള്‍ ‍.

 

ജൂലൈ 7-ന് രാത്രി 9.30 ന് ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലായിരുന്നു സംഭവം. മലപ്പങ്ങ ഗ്രാമത്തിലെ നിവാസികളായ 12 പേര്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി സ്കീം പദ്ധതിയുടെ കീഴില്‍ പകല്‍ തൊഴില്‍ ചെയ്തതിന്റെ കൂലി ബാലിഗുണ്ടയില്‍ പോയി വാങ്ങിയശേഷം അവിടത്തെ മാര്‍ക്കറ്റില്‍ നാളത്തേക്കുള്ള ആഹാരസാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്കു വരാനായി ഒരു വാന്‍ പിടിച്ചു യാത്രയായി. ഇവരുടെ വീടുകളിലേക്ക് ഏകദേശം 2 കിലോമീറ്ററിലധികം ദൂരമുണ്ട്.

 

എല്ലാവരുമായി വാനില്‍ വരുമ്പോള്‍ മലപ്പങ്ങ ഗ്രാമത്തിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ വച്ച് ഇവരുടെ വാന്‍ റോഡിലെ ചെളിയില്‍ പൂണ്ടുപോയി. ഈ സമയം കനത്ത മഴയുമുണ്ടായിരുന്നു. വാഹനം മുന്നോട്ടു പോകാന്‍ കഴിയാത്തതിനാല്‍ എല്ലാവരും നടന്നു പോകുവാന്‍ തീരുമാനിച്ചു. കുറെ നടന്നു കഴിഞ്ഞപ്പോള്‍ വനമേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി വിന്യസിച്ചിരുന്ന സി.ആര്‍ ‍.പി.എഫ് ജവാന്മാര്‍, തൊഴിലാളികള്‍ മാവോയിസ്റ്റുകാരാണെന്നും, വേഷം മാറി സഞ്ചരിക്കുകയാണെന്നും തെറ്റിദ്ധരിച്ച് വെടിവെയ്ക്കുകയായിരുന്നു.

 

ഇവരില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 2 സ്ത്രീകളും, 2 വയസുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും. കുകല്‍ ദിഗല്‍ (50), ലുട്ട ദിഗല്‍ (25), തിമരി മല്ലിക്, ബ്രങ്കുലി മല്ലിക്, മെദിയിലി ദിഗല്‍ ‍, രണ്ടു വയസുകാരി സുനിത ദിഗല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

 

ഇവരില്‍ 2 പേര്‍ പെന്തക്കോസ്തു വിശ്വാസികളാണ്. സി.ആര്‍ ‍.പി.എഫ്. ആക്രമണത്തിനുശേഷം കൊല്ലപ്പെട്ടവരുടെ ജഡവും ഗുരുതരമായി മുറിവേറ്റവരും മണിക്കൂറുകളോളം പെരുമഴയത്ത് റോഡില്‍ കിടന്നിരുന്നു. കൂടുതല്‍ പോലീസും ജവാന്മാരും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടവരും, പരിക്കേറ്റവരും നിരപരാധികളാണെന്നു കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ പെട്ടന്നുതന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗ്രാമീണര്‍ ഒന്നടങ്കം പ്രതിഷേധിച്ചു.

 

വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായി. വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി നവീന്‍ പട്നായിക് ജുഡീഷ്യല്‍ അന്വേഷണത്തിനുത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപാ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ പ്രത്യേക പരിഗണനയില്‍ ചികിത്സയ്ക്കു ക്രമീകരണം ചെയ്യുകയും മറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.