ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം; ചികിത്സയ്ക്കു ചിലവാക്കുന്നത് നാലര ലക്ഷം കോടി
ന്യൂഡല്‍ഹി: ലോകത്തിലെ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്നും 2010-ല്‍ ഇന്ത്യാക്കാര്‍ പ്രമേഹ ചികിത്സയ്ക്കു ചിലവാക്കിയത് ഒന്നര ലക്ഷം കോടി രൂപയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ ചിലവ് പ്രതിവര്‍ഷം 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിക്കുന്നു. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയായ ലാന്‍സെറ്റാണ് ഈ വിവരം പുറത്തു വിട്ടത്. ഈ നിഗമനമനുസരിച്ച് ഈ വര്‍ഷം ഇന്ത്യാക്കാര്‍ പ്രമേഹത്തിനായി ചിലവാക്കേണ്ടി വരുന്നത് നാലര ലക്ഷം കോടി രൂപയാണ്.
20 ശതമാനം നിരക്കില്‍ ചികിത്സാ ചിലവ് വര്‍ദ്ധിക്കുന്നുവെന്ന് കണക്കാക്കിയാല്‍ ലഭിക്കുന്ന തുകയാണിത്. കേരളത്തിലെ വാര്‍ഷിക ബജറ്റിന്റെ നാലുമടങ്ങു വരുന്ന തുകയാണിത്. ഇന്ത്യ ഒരു വര്‍ഷം കസ്റ്റംസ് തീരുവയും, എക്സൈസ് തീരുവയും പിരിക്കുന്ന തുകയുടെ അത്രയും വരും ഇത്.
രോഗികളും അല്ലാത്തവരുമായ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഈ ചിലവ് വീതിച്ചു നല്‍കിയാല്‍ ആളോഹരി 3500 രൂപാ പ്രതിവര്‍ഷം ചിലവാക്കണം. 2013-ല്‍ ആറുകോടി പ്രമേഹ രോഗികളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 1990നും 2013നും ഇടയില്‍ ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 45 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ 123 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി.
യൂണിവേഴ്സിറ്റി ഓഫ് വാഷിംങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ചൂണ്ടിക്കാട്ടിയതാണ് ഈ വിവരം.

