അസമിലെ ആയിരങ്ങൾക്കു ജീവൻ നൽകിയ അമേരിക്കൻ മിഷനറി ഡോ. കെനത്ത് വി. ഡോഡ്ജ്സൺ അന്തരിച്ചു

അസമിലെ ആയിരങ്ങൾക്കു ജീവൻ നൽകിയ അമേരിക്കൻ മിഷനറി ഡോ. കെനത്ത് വി. ഡോഡ്ജ്സൺ അന്തരിച്ചു

Breaking News Obituary

അസമിലെ ആയിരങ്ങൾക്കു ജീവൻ നൽകിയ അമേരിക്കൻ മിഷനറി ഡോ. കെനത്ത് വി. ഡോഡ്ജ്സൺ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

ജോർഹട്ട് (അസം): അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികൾക്ക് പ്രതീക്ഷയും ചികിത്സയും നൽകിയ അമേരിക്കൻ മിഷനറി ഡോക്ടർ ഡോ. കെനത്ത് വി. ഡോഡ്ജ്സൺ (100) അന്തരിച്ചു.

അദ്ദേഹത്തിന്റെ നിര്യാണം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിനെയും (JCMC) അദ്ദേഹം സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.

ഡോ. കെനത്ത് ഡോഡ്ജ്സണും ഭാര്യ സാലി ഡോഡ്ജ്സണും 1955-ൽ American Baptist Foreign Mission Societyയുടെ മിഷനറിമാരായി നിയോഗിക്കപ്പെട്ടു. തുടർന്ന് 1957-ൽ അവർ അസമിലെ ജോർഹട്ടിലെത്തി. അടുത്ത 24 വർഷക്കാലം, ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി അദ്ദേഹം സമർപ്പിതമായി പ്രവർത്തിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലും സേവനത്തിലും ജെ.സി.എം.സി. അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വിശ്വാസത്തോടെ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നായി വളർന്നു. തന്റെ സേവനകാലത്ത് 11,000-ത്തിലധികം ശസ്ത്രക്രിയകളും പ്രസവ ശസ്ത്രക്രിയകളും നിർവഹിച്ചതായും നിരവധി ഇന്ത്യൻ ഡോക്ടർമാരെ പരിശീലിപ്പിച്ച് ആരോഗ്യരംഗത്തിന് സംഭാവന നൽകിയതായും ആശുപത്രി അധികൃതർ അനുസ്മരിച്ചു.

1981-ൽ അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും അദ്ദേഹം വൈദ്യരംഗത്ത് സേവനം തുടർന്നു. മാനവിക സേവനത്തിനും വൈദ്യശുശ്രൂഷയ്ക്കും നൽകിയ അസാധാരണ സംഭാവനകളെ തുടർന്ന് വിവിധ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

ഒരു ഡോക്ടർ എന്നതിലുപരി, സ്നേഹവും കരുണയും നിറഞ്ഞ മിഷനറിയായും മനുഷ്യസ്നേഹിയായും ഓർമ്മിക്കപ്പെടുന്ന ഡോ. കെനത്ത് വി. ഡോഡ്ജ്സന്റെ ജീവിതം അസമിലെ ആരോഗ്യരംഗ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് സഹപ്രവർത്തകരും രോഗികളും അനുസ്മരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.