ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) പത്രക്കുറിപ്പ്
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) കേരളാ സ്റ്റേറ്റിന്റെ ജനറൽ ബോഡി യോഗം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 2026 ജൂൺ 10-ന് (ബുധനാഴ്ച) രാവിലെ 9.00 മണിക്ക് കുമ്പനാട് മുട്ടുമൺ ഐ.സി.പി.എഫ്. ക്യാമ്പ് സെന്ററിൽ നടക്കും.
തുടർന്ന് രാവിലെ 11.00 മണിക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ പ്രവർത്തന ഉദ്ഘാടനവും അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും അതേ വേദിയിൽ നടക്കുന്നതാണ്.
ഭരണഘടനാനുസൃതമായി ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ അർഹതയുള്ള അംഗത്വഫീസ് അടച്ച ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും നിർബന്ധമായും തിരിച്ചറിയൽ രേഖയുമായി രാവിലെ 9.00 മണിക്ക് ഹാജരാകണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ സഭയെ സ്നേഹിക്കുന്ന എല്ലാ വിശ്വാസികൾക്കും പങ്കെടുക്കാവുന്നതാണെന്നും നേതൃത്വം അറിയിച്ചു.
അതേസമയം, ഇന്ന് ചില പത്രങ്ങളിൽ ഐ.പി.സി. കേരളാ സ്റ്റേറ്റ് നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങൾ സഭാംഗങ്ങളും ശുശ്രൂഷകരും ഗൗരവമായി കാണേണ്ടതില്ലെന്നും സംസ്ഥാന നേതൃത്വം പ്രസ്താവിച്ചു.
ഗവൺമെന്റ് അംഗീകരിച്ച സർട്ടിഫൈഡ് ഭരണഘടനയിലെ ആർട്ടിക്കിൾ VII, വകുപ്പ് VI പ്രകാരം സംസ്ഥാനത്തെ ശുശ്രൂഷകന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സ്റ്റേറ്റ് പ്രസ്ബിറ്ററിക്കു മാത്രമാണുള്ളത്.
ജനറൽ പ്രസ്ബിറ്ററിയുടെ അധികാരം അപ്പീൽ പരിഗണിക്കുന്നതിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതാണെന്നും നേതൃത്വം വ്യക്തമാക്കി.
കൂടാതെ, പരസ്യത്തിൽ ഒപ്പുവെച്ചിരിക്കുന്ന വ്യക്തികൾ സർട്ടിഫൈഡ് ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളല്ലാത്തതിനാൽ, അവർ സ്വീകരിക്കുന്ന നടപടികൾക്ക് യാതൊരു നിയമസാധുതയോ പ്രാബല്യമോ ഇല്ലെന്നും ഐ.പി.സി. കേരളാ സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകരെയും സഭാംഗങ്ങളെയും അറിയിക്കുന്നതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
ഐ.പി.സി. കേരളാ സ്റ്റേറ്റിന് വേണ്ടി
പാസ്റ്റർ കെ. സി. തോമസ്
പ്രസിഡന്റ്
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നത്ത്
സെക്രട്ടറി
ബ്രദർ പി. എം. ഫിലിപ്പ്
ട്രഷറർ

