ഭൂമിക്കു വെളിയില്‍ മനുഷ്യന് ജനിക്കുമോ എന്നറിയാന്‍ ബഹിരാകാശത്ത് ചൈനയുടെ കൃത്രിമ ഭ്രൂണ പരീക്ഷണം
ഭാവിയില്‍ മനുഷ്യന് ചന്ദ്രനിലോ ചൊവ്വായിലോ പോയി കോളനികള്‍ സ്ഥാപിച്ചാല്‍ അവിടെ തലമുറകള്‍ നിലനില്ക്കണമെങ്കില് സുരക്ഷിതമായ പ്രത്യുല്പ്പാദനം അത്യാവശ്യമാണ്.
അതിനെക്കുറിച്ചുള്ള പരീക്ഷണത്തിനു തുടക്കമിട്ട് ചൈന. ലോകത്തിലാദ്യമായി മനുഷ്യന്റെ ഭ്രൂണങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് .
ടിയാന്‍ഗോങ് ബഹിരാകാശത്തെ നിലയത്തില്വച്ചാണ് ഈ പരീക്ഷണം നടക്കുന്നത്.
ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ് ഈ ദൌത്യത്തിനു പിന്നില്‍.
ചൈനയുടെ ടിയാന്ഷൌ -10 എന്ന കാര്‍ഗോ ബഹിരാകാശ പേടകത്തിലാണ് കൃത്രിമ ഭ്രൂണങ്ങള്‍ അടങ്ങിയ പെട്ടികള്‍ ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്.
ഇവ യഥാര്‍ത്ഥ മനുഷ്യ ഭ്രൂണങ്ങളല്ല. മനുഷ്യന്റെ സ്റ്റം സെല്ലുകള്‍ ഉപയോഗിച്ച് ലാബോറട്ടറിയില്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ഭ്രൂണ മാതൃകകളാണിവ.
ബഹിരാകാശത്തെ ഭാരമില്ലായ്മയും മാരകമായ ബഹിരാകാശ വികിരണങ്ങളും മനുഷ്യന്റെ ആദ്യകാല ജീവന്റെ വളര്‍ച്ചയ്ക്കു എങ്ങനെ ബാധിക്കുന്നുവെന്നു പഠിക്കുകയാണ് ലക്ഷ്യം.
ബഹിരാകാശത്തെ പരീക്ഷണ ഘട്ടത്തില്‍ ഇതേസമയത്തുതന്നെ ഭൂമിയിലെ ലാബിലും സമാനമായ കൃത്രിമ ഭ്രൂണങ്ങള്‍ വളര്‍ത്തിയിരുന്നു.
ബഹിരാകാശത്ത് വളര്‍ന്ന ഭ്രൂണങ്ങളും ഭൂമിയില്‍ വളര്‍ന്ന ഭ്രൂണങ്ങളും തമ്മിലുളള വ്യത്യാസങ്ങള്‍ താരതമ്യം ചെയ്താണ് അന്തിമ നിഗമനത്തില്‍ എത്തുന്നത്.

