ബഹിരാകാശ അവശിഷ്ടങ്ങള്‍ സൂര്യന്‍ ഭൂമിയിലേക്കു തിരികെ വീഴ്ത്തുമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍
ശ്രീഹരിക്കോട്ട: ഉയര്‍ന്ന സൌരോര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍നിന്ന് ബഹിരാകാശ അവശിഷ്ടങ്ങളെ വേഗത്തില്‍ പുറന്തള്ളാന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ.
ബഹിരാകാശ ഏജന്‍സികള്‍ക്ക് സുരക്ഷിതമായ ബഹിരാകാശ ദൌത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ കണ്ടെത്തല്‍ ഉപകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ 34 വര്‍ഷത്തിനിടെ 17 ബഹിരാകാശ മാലിന്യം ഭൂമിയെ വലംവയ്ക്കുന്നതായി കണ്ടെത്തിയിരുന്നു.
സൌര പ്രവര്‍ത്തനവും ബഹിരാകാശ മാലിന്യത്തിന്റെ കറക്കവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവുകളാണെന്നാണ് ഐഎസ്ആര്‍ഒ കണ്ടെത്തിയിരിക്കുന്നത്.
11 വര്‍ഷ ചക്രമാണ് സൂര്യന്റേത്. അതില്‍ സൂര്യന്‍ ഏറ്റവും സജീവമായിരിക്കുന്ന സമയത്ത് സൂര്യ കളങ്കങ്ങള്‍ പെരുകുകയും തീവ്രത കൂടിയ വികിരണം പുറത്തേക്ക് വരികയും ചെയ്യും.
ഇത് തെര്‍മോസ്ഫിയര്‍ എന്നറിയപ്പെടുന്ന ഭൂമിയുടെ അന്തരീക്ഷത്തിലെ ഉയര്‍ന്ന പാളിയെ ചൂടാക്കുന്നു.
അതുമൂലം ഭൂമിയില്‍നിന്ന് 166 മുതല്‍ 2000 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പരിക്രമണം ചെയ്യുന്ന കാലഹരണപ്പെട്ട ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും മന്ദഗതിയിലാകുകയും താഴ്ന്ന ഭ്രമണ പഥത്തിലേക്ക് വലിച്ചിടപ്പെടുകയും ഒടുവില്‍ അവയെ ഭൂമിയിലേക്ക് തിരികെ വീഴ്ത്തുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

