ശിഷ്യനായാൽ പിന്നെ സൂക്ഷിക്കുക....!!

ശിഷ്യനായാൽ പിന്നെ സൂക്ഷിക്കുക….!! (ഷൈജു ഡാനിയേൽ അടൂർ)

Articles

ശിഷ്യനായാൽ പിന്നെ സൂക്ഷിക്കുക….!! (ഷൈജു ഡാനിയേൽ അടൂർ)
ഷൈജു ഡാനിയേൽ അടൂർ
ഔദ്യോഗിക പദവികളിൽ ഇരുന്നു വിരമിച്ചവർക്കെല്ലാം ജീവിതാവസാനം വരെ ആനുകൂല്യങ്ങൾ ഇവിടെ ഉണ്ട്, പക്ഷെ ക്രിസ്തുശിഷ്യത്വത്തിൽ നാം ഒരിക്കലെങ്കിലും വിരമിച്ചാൽ പിന്നെ ദുരന്തമായിരിക്കും നമുക്കുമുൻപിൽ!! Ex-service, Ex-MLA,… ഇങ്ങനെ പലതും നമുക്കറിവുണ്ട്… എന്നാൽ ex-disciple എന്ന ഒരു പദവി ക്രിസ്തു ശിഷ്യനില്ല!!ഒരിക്കൽ ശിഷ്യത്വത്തിലേക്കു കയറിയാൽ ജീവിതാന്ത്യം വരെ വിരമിക്കുവാൻ കഴിയാത്ത അനുഭവമാണത്!!

യൂദ എന്ന മനുഷ്യന് ഒരു നല്ല യഹൂദനായി ജനിച്ചു ജീവിച്ചു മരിക്കാമായിരുന്നു… യഹൂദ മതത്തിന്റെ ആചാരപ്രകാരം ഒരു നല്ല അടക്കവും അവനു ലഭിക്കുമായിരുന്നു… പക്ഷെ യേശുവിന്റെ ശിഷ്യനായി ഒടുവിൽ നാഥനെ തള്ളിപ്പറഞ്ഞവന്റെ അന്ത്യം ഏറ്റവും ശോചനീയമായിരുന്നു!!

ക്രിസ്തുവാനുഗമനം നമുക്ക് ഗുണം ചെയ്യുന്നത് യേശുവിനെ തള്ളിപ്പറയാതെയും ക്രിസ്തുവിനെ വിപണ വസ്തുവാക്കാതെയും നാം ഈ ഭൂമിയിൽ നിന്നും കണ്ണടയുമ്പോൾ മാത്രമാണ്. അല്ലാത്ത പക്ഷം യേശുവിന്റെ ശിഷ്യനായതും അവനെ അനുഗമിച്ചതും ഗുണത്തെക്കാളേറെ ദോഷമാകും!!

അടിമയുടെ വിലയായ മുപ്പതു വെള്ളിക്കാശിലേക്ക് ഗുരുവിനെ പരിമിതപ്പെടുത്തിയവന്റെ അന്ത്യം അതി ദാരുണമായി!! യേശുവിനെ അറിയുവാൻ യൂദ എന്ന മനുഷ്യന് അവസരം ലഭിച്ചിരുന്നില്ല എങ്കിൽ അവനു തൂങ്ങിച്ചാകേണ്ടി വരുമായിരുന്നില്ല.

സൂക്ഷിക്കുക – യേശുവിനെ അറിയുവാൻ ഇടയായ ഒരുവൻ പിന്മാറിപോയാൽ , താൻ മുൻപുണ്ടായിരുന്നതിലും അധികം അധഃപതിക്കുവാൻ സാധ്യത ഏറെയാണ് !!

ധനാഡ്യനായ കീശിന്റെ മകൻ തോൾ മുതൽ പൊക്കക്കാരനായ ശൗലിനും ഒരു നല്ല അന്ത്യവും സമ്പന്നനെന്ന നിലയിൽ നല്ല ഒരു അടക്കവും ലഭിക്കുമായിരുന്നു…ശൗലിലേക്ക് യഹോവയുടെ ആത്മാവ് വരുന്നതിനു മുൻപ് അവൻ ഒരു സാധാരണക്കാരൻ….. യഹോവയുടെ ആത്മാവ് അവനിലേക്ക്‌ വന്നതും അവൻ അസാധാരണക്കാരൻ ആയി. പക്ഷെ തന്നെ അസാധാരണകാരനാക്കിയ യഹോവയുടെ ആത്മാവ് അവനിൽ നിന്ന് പോയപ്പോൾ പഴയ സാധാരണകാരനെക്കാൾ നൂറുമടങ്ങു താൻ അധഃപതിച്ചു ജീവിതം നാമാവശേഷമായി!!

നമ്മിലേക്കിറങ്ങുന്ന യഹോവയുടെ ആത്മാവ് ഏതറ്റം വരെയും നമ്മുടെ യോഗ്യതകൾക്കപ്പുറം നമ്മെ ഉയർത്താൻ കെൽപ്പുള്ളതാണ്… പക്ഷെ ആ ആത്മാവ് നമ്മിൽ വസിപ്പാൻ കഴിയാത്ത ഒരു ഘട്ടം വന്നാൽ, നാം പിന്നെ ഏതറ്റം വരെ താഴും എന്നത് പ്രവാചക്കാനാകില്ല!!

ക്രിസ്തുവിനെ അറിയുവാൻ നമുക്ക് ലഭിച്ച അവസരം നമ്മുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി…..പക്ഷെ ഒരിക്കൽ ക്രിസ്തുവിനെ അറിഞ്ഞ നാം പിന്മാറിപോയാൽ പിന്നത്തെ നമ്മുടെ നില പഴയതിലും ദുരന്തപൂർണ്ണമായിരിക്കും!!

“ക്രിസ്തു ശിഷ്യൻ” എന്ന പദവിയുടെ സാധ്യതകൾ അനന്തമാണ്…പക്ഷെ “മുൻകാല ക്രിസ്തു ശിഷ്യൻ” എന്ന നിലയിലേക്ക് നമ്മുടെ സ്ഥാനം മാറുമ്പോൾ പിന്നീടങ്ങോട്ടുള്ള യാത്രകൾ ഏറ്റവും ദുരന്തപൂർണ്ണമായിരിക്കും!!

നിർബന്ധപൂർവം ആരെയും യേശു തന്റെ ശിഷ്യനാക്കുന്നില്ല… “നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം “എന്ന് പറഞ്ഞുകൊണ്ട് അമിതാവേശത്തോടെ യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ച ശാസ്ത്രിയോട് “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല” എന്നു പറഞ്ഞു അവനെ വിലക്കുകയുണ്ടായി!!

യേശുവിനെ അറിയുവാൻ ഭാഗ്യം ലഭിച്ചത് നമുക്ക് അബദ്ധമാകരുത്. “മുൻകാല ശിഷ്യൻ (Ex-disciple)” എന്ന് നമാരും അറിയപ്പെടുകയുമരുത്!!

✍️ Shyju Daniel Adoor

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.