യിസ്രായേലിലെ ഏറ്റവും മോശം ജീവിത നിലവാരമുള്ള നഗരങ്ങളില്‍ ഒന്നാമത് യെരുശലേം; 96 ശതമാനം നിവാസികളും സംതൃപ്തരാണ്
യെരുശലേം: ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ യെരുശലേമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാത്ത ദിവസങ്ങളില്ല. യഹൂദന്മാരും ലോകവും ഒരുപോലെ ഉറ്റുനോക്കുന്ന ഈ ചരിത്ര നഗരത്തിന്റെ യഥാര്‍ത്ഥ ജീവിത നിലവാരത്തെക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.
യഹൂദര്‍ക്കും യിസ്രായേലിനും അതി പ്രാധാന്യമുള്ള യെരുശലേമില്‍ യിസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സിബിഎസ്) രാജ്യത്തുടനീളമുള്ള ആളുകള്‍ അനുഭവിക്കുന്ന ജീവിത നിലവാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.
സര്‍വ്വേയില്‍ പങ്കെടുത്ത 16 നഗരങ്ങളില്‍ യെരുശലേം അവസാന സ്ഥാനത്താണ്. ക്ഷേമവും ജീവിത നിലവാരവും അളക്കുന്ന 52 സൂചികകളെ അടിസ്ഥാനമാക്കി ഒരു ലക്ഷത്തിലധികം നിവാസിളുള്ള യിസ്രായേലി നഗരങ്ങളെ, ശരാശരിയേക്കാള്‍ ഉയര്‍ന്നത്, ഇടത്തരം, ശരാശരിയില്‍ താഴെ, മൂന്നു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
കഫാര്‍ സാബ, രെഹോവത്ത്, രാമത്ത് ഗാസ, ഫിഷോന്‍ ലെസിയോന്‍, ബേര്‍ശേബ, ടെല്‍ അവീവ് എന്നിവയാണ് ശരാശരിക്ക് മുകളിലുള്ള നഗരങ്ങള്‍.
താമസക്കാരുടെ ഇടയിലെ വിഷാദം, ഏകാന്തത, വിവേചനം എന്നിവയുടെ അനുഭവങ്ങളെ കുറിച്ചുള്ള സര്‍വ്വേ പ്രതികരണങ്ങള്‍ക്കൊപ്പം ഭവനത്തിന്റെ വിലയും ലഭ്യതയും, ആരോഗ്യം, സുരക്ഷ, ക്ഷേമം പ്രാദേശിക സൌകര്യങ്ങള്‍, തൊഴില്‍ സാദ്ധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തലുകള്‍ നടത്തിയത്.
സിബിഎസില്‍ പട്ടികയില്‍ ജീവിത നിലവാരത്തില്‍ ഒന്നാം സ്ഥാനത്ത് കഫാര്‍ സാബയാണ്.
ഈ ഡാറ്റായുടെ കണക്കുകള്‍ പുറത്തു വന്നെങ്കിലും യെരുശലേമിലെ 96 ശതമാനം യഹൂദ നിവാദികളും തങ്ങളുടെ ജീവിതത്തില്‍ മൊത്തത്തില്‍ സംതൃപ്തരാണെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നു.
അതിനു പിന്നിലെ പ്രധാന കാരണം അവരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയത്തെക്കുറിച്ചുള്ള ആഗ്രഹവും യെരുശലേമിനെക്കുറിച്ചുള്ള സ്നേഹവും ആണ്.

