ക്രിസ്തീയസഭകളിൽ ഉണ്ടായിരുന്ന ആദ്യസ്നേഹത്തിനും കൂട്ടായ്മയ്ക്കും ഐക്യതയ്ക്കും ആത്മാർത്ഥതയ്ക്കും വംശനാശം സംഭവിച്ചോ?
ജോർജ് മാത്യു പുതുപ്പള്ളി (Writer, Journalist, Preacher)
മൂന്നു പതിറ്റാണ്ട് കാലം വിശ്വാസജീവിതം നയിച്ച ഒരു സുഹൃത്ത് വളരെ വേദനയോടെ എന്നോടു പറഞ്ഞു : ‘ആദ്യകാലത്തു സഭകളിൽ ഉണ്ടായിരുന്ന സ്നേഹവും കൂട്ടായ്മയും ഐക്യവും ആത്മാർത്ഥതയും ഒന്നും ഇന്നു സഭകളിൽ കാണുന്നില്ല.
ആകെപ്പാടെ ഒരു മടുപ്പ്, ഒരുതരം വിരസത. എന്തെങ്കിലും പരിഹാരം താങ്കൾക്കു നിർദേശിക്കുവാനുണ്ടോ ?’
ഞാൻ അദ്ദേഹത്തോടു പറഞ്ഞു : ‘എല്ലാ ആത്മീയ സംശയങ്ങളും പരിഹരിക്കുവാനുള്ള ജ്ഞാനമൊന്നും എനിക്കില്ല.
പരിമിതമായ അറിവിന്റെ വെളിച്ചത്തിലും അനുഭവത്തിന്റെ അടിസ്ഥാനത്തിലും എനിക്ക് അറിയാവുന്നത് പറയാം.’
അദ്ദേഹത്തിനു പക്ഷെ, എന്റെ മറുപടി കിട്ടിയേ മതിയാവൂ.
പെട്ടെന്ന് എന്റെ ഓർമയിൽവന്നത് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ മലയാള മനോരമ വീക്കിലിയിലെ ‘ഫലിതബിന്ദുക്കൾ’ എന്ന പേജിൽ എഴുതിയ ഒരു ഫലിതമാണ്.
ആ ഫലിതം ഇങ്ങനെ :
‘വൈദികൻ മാത്തനോട് : നിന്നെ കുറെ നാളായി പള്ളിയിൽ കാണുന്നില്ലല്ലോ ?
മാത്തൻ : ഞാൻ വരുന്നില്ലച്ചോ. അവിടെ മുഴുവൻ കപടഭക്തിക്കാരാണ്.
വികാരി : നീ അതു കാര്യമാക്കണ്ട. നിനക്കു കൂടി നിൽക്കാനുള്ള സ്ഥലം അവിടെയുണ്ട്.’
ഈ ഫലിതത്തിന് എനിക്ക് ഒന്നാം സമ്മാനമായ 100 രൂപ പ്രതിഫലമായി ലഭിക്കുകയും ചെയ്തു.
ആദ്യസ്നേഹവും കൂട്ടായ്മയും ഐക്യവും മിക്കവാറും എല്ലാ ക്രിസ്തീയ സഭകളിൽനിന്നും ഏറെക്കുറെ നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് ദു:ഖകരമായ ഒരു സത്യമാണ്.
ഓരോ ദിവസം കഴിയുന്തോറും സഭകൾ സംഘടനകളെപ്പോലെയോ ക്‌ളബ്ബുകളെപ്പോലെയോ സോസൈറ്റികളെപ്പോലെയോ ഒക്കെ പരിണമിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്കയിൽ വിൽക്കാനിട്ടിരിക്കുന്ന നിരവധി ദേവാലയങ്ങൾ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഒരു ദിവസം ഒരു ദേവാലയത്തിലേക്കു വെറുതെ ഞാൻ കയറിച്ചെന്നു. പള്ളിയിൽ വൃദ്ധരായ ചില ഇംഗ്ളീഷുകാർമാത്രം.
ഞാൻ വെള്ളക്കാരനായ അച്ചനോട് പള്ളി വിൽക്കാനുള്ള കാരണം ചോദിച്ചു. വേദനയോടെ അദ്ദേഹം പറഞ്ഞു : ‘യുവജനങ്ങൾ ആരും തന്നെ പള്ളിയിൽ വരുന്നില്ല. വരുന്നതാകട്ടെ, കുറെ വൃദ്ധജനങ്ങൾമാത്രം.’
ആസ്‌ട്രേലിയയിലും അടച്ചു പൂട്ടാനൊരുങ്ങുന്ന നിരവധി ദേവാലയങ്ങൾ ഞാൻ കണ്ടു. അതിന്റെ കാരണവും ഇതുതന്നെ.
ഇന്ത്യയിലും കേരളത്തിലും ആ സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും നാളെ ഉണ്ടാകുകയില്ല എന്നു പറയുവാൻ കഴിയുകയില്ല. ഈ അവസ്ഥയുടെ ഒരു കാരണം ലോകത്തിന്റെ ഗതിവിഗതികളിൽ അനുദിനം സംഭവിക്കുന്ന മാറ്റങ്ങളാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
ദൈവസഭകളിൽ സ്നേഹവും കൂട്ടായ്മയും ഐക്യവും ആത്മാർത്ഥതയും സഹകരണവും കുറഞ്ഞിട്ടുണ്ടെങ്കിൽ അതിനു മറ്റുള്ളവരെമാത്രം കുറ്റപ്പെടുത്തുന്നതു ന്യായമല്ല. അതിന്റെ കാരണം മറ്റുള്ളവർ മാത്രമല്ല നാം കൂടെയാണ്.
മൂന്നു പതിറ്റാണ്ട് മുമ്പ് എന്നിലുണ്ടായിരുന്ന മനുഷ്യസ്നേഹവും കൂട്ടായ്മയും ആത്മാർത്ഥതയും ഐക്യവും നഷ്ടപ്പെട്ടിട്ടില്ലേ ? എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചാൽ ‘തീർച്ചയായും ഉണ്ട്’ എന്നതായിരിക്കും അതിനുള്ള സത്യസന്ധമായ മറുപടി.
പോഞ്ഞിക്കര റാഫി എന്ന പ്രശസ്ത സാഹിത്യകാരനെ ഞാൻ ‘മാതൃഭൂമി’ പത്രത്തിലേക്ക് ഇന്റർവ്യു ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു : ‘അച്ചോ, ഈ നിമിഷംവരെ സുഹൃത്തുക്കളായിരുന്നവർ ഒരു കാരണവും കൂടാതെ തൊട്ടടുത്ത നിമിഷം ഉഗ്രശത്രുക്കളായി മാറുന്നു. ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു.’
‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ?’ എന്ന് മഹാദൈവമായ യേശുകർത്താവ് ചോദിക്കുന്നുണ്ട് (ലൂക്കൊസ് 18 :8)
‘എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറയുവാനുണ്ട്’ എന്ന് എഫെസൊസ് സഭയ്ക്കുള്ള ദൂതിൽ പരിശുദ്ധാത്മാവും അറിയിക്കുന്നു (വെളിപ്പാട് 2 : 4).
നാം മാനസാന്തരപ്പെട്ട് മടങ്ങി വരിക എന്നതു മാത്രമാണ് ഏക പരിഹാരം. നമ്മിൽ ആദ്യസ്നേഹവും ഐക്യവും ആത്മാർത്ഥതയും പുനർജനിക്കട്ടെ.
എല്ലാവരിലും അപ്രകാരം ഉണ്ടാകുമ്പോൾ അവസ്ഥക്ക് മാറ്റം വരുമായിരിക്കും. വന്നില്ലെങ്കിലും നാം നിരാശപ്പെടേണ്ട. കാരണം ഇതൊക്കെയും സംഭവിക്കേണ്ടതു തന്നെയാണ്. പ്രിയ സുഹൃത്തിന് എനിക്കു നൽകുവാനുള്ളതും പരിമിതമായ ഈ ഉത്തരം മാത്രമാണ്.
(വാട്സ്ആപ്പ് : 98474 81080)

