നാം ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമായി ജീവിക്കണം: പാസ്റ്റർ എബ്രഹാം മാത്യു

Convention

നാം ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമായി ജീവിക്കണം: പാസ്റ്റർ എബ്രഹാം മാത്യു

റ്റി.പി.എം കൊട്ടാരക്കര കൺവൻഷന് അനുഗ്രഹിത സമാപനം

പൂർണസമയ സുവിശേഷ വേലയ്ക്കായി 6 സഹോദരൻന്മാരെയും 13 സഹോദരിമാരെയും തിരഞ്ഞെടുത്തു.

കൊട്ടാരക്കര: ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമായി ജീവിക്കുകയാണ് ഓരോ വിശ്വാസയുടെയും കടമയെന്നു ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.

അഞ്ച് ദിവസമായി കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് ആരാധനയ്‌ക്ക് നേതൃത്വം നൽകി.

കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്ററുകളുടെ സംയുക്ത സഭായോഗവും വൈകിട്ട് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടന്നു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. സമാപന ദിവസം രാത്രിയിൽ നടന്ന ദൈവിക രോഗശാന്തി ശുശ്രൂഷയിൽ തിരുവല്ല സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പ്രസംഗിച്ചു.

കഴിഞ്ഞ 5 ദിവസങ്ങളിലായി നടന്ന രാത്രി യോഗങ്ങളിൽ അടയാർ സെന്റർ പാസ്റ്റർ എസ് എബ്രഹാം, തൂത്തുക്കുടി സെന്റർ പാസ്റ്റർ വി ദുരൈ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ് എന്നിവരും പകൽ യോഗങ്ങളിൽ തിരുവനന്തപുരം സെന്റർ പാസ്റ്റർ ജേക്കബ് പോൾ, റാന്നി സെന്റർ പാസ്റ്റർ പി ജെ ബാബു, എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് എന്നിവരും പ്രസംഗിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷന് മുന്നോടിയായി ഞായറാഴ്ച നടന്ന സൺഡേ സ്കൂൾ ജാഥയിലും ബുധനാഴ്ച നടന്ന സുവിശേഷ വിളംബര ജാഥയിൽ ആയിരങ്ങൾ പങ്കെടുത്തു.

സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ബൈബിൾ ക്ലാസ്സുകൾ, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന മീറ്റിംഗ് എന്നിവയും ജലസ്നാനം, ശിശു പ്രതിഷ്ഠ എന്നി ശുശ്രൂഷകളും നടന്നു.

തിങ്കളാഴ്ച നടന്ന പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പൂർണസമയ സുവിശേഷ വേലയ്ക്കായി 6 സഹോദരൻന്മാരെയും 13 സഹോദരിമാരെയും തിരഞ്ഞെടുത്തു.

സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടന്നു.

ഭക്ഷണ ക്രമീകരണവും താമസ സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങളും സൗജന്യമായി ക്രമീകരിച്ചിരുന്നു.

വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

കൊട്ടാരക്കര സെന്റർ പാസ്റ്റർ വി ജോർജ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.