പ്രസവ വാര്‍ഡില്‍ ജിഹാദി ആക്രമണം; അമ്മമാരെയും ശിശുക്കളെയും ജീവനോടെ ചുട്ടുകൊന്നു
ആഫ്രിക്കന്‍ രാഷ്ട്രമായ കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ ഒരു കത്തോലിക്കാ ആശുപത്രിയില്‍ ഇസ്ളാമിക സായുധ സംഘമായ എഡിഎഫ് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു.
നോര്‍ത്ത് കിവു പ്രവിശ്യയിലെ ലുബെനോ പ്രദേശത്തെ ബക്കാംവെ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന് നടത്തുന്ന ആശുപത്രിയിലാണ് ആക്രമണമുണ്ടായത്.
ആയുധധാരികളായ അക്രമികള്‍ കൂട്ടത്തോടെ എത്തി കിടക്കകളില്‍ കിടന്നിരുന്ന രോഗികളെ കൊല്ലുകയും ആശുപത്രിക്ക് തീയിടുകയുമായിരുന്നുവെന്ന് പ്രാദേശിക ഭരണാധികാരി കേണല്‍ അലൈന്‍ കിവേവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
മുലയൂട്ടുന്ന സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി. ആശുപത്രികളില്‍ കഴുത്തറത്ത നിലയില്‍ അവരെ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ 17 പേരില്‍ സ്ത്രീകളും അനേകം പരുഷന്മാരും ഉണ്ട്.
അതേ സായുധ സംഘം അന്നുതന്നെ സമീപത്തുള്ള മറ്റു ഗ്രാമങ്ങളിലും ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ മരണ സംഖ്യ എത്രയെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആശുപത്രിയിലെ പ്രസവ വാര്‍ഡാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്.
നിരവധി സ്ത്രീകളും അവരുടെ നവജാത ശിശുക്കളും ജീവനോടെ ചുട്ടുകൊല്ലപ്പെടുകയുണ്ടായി. ആക്രമണത്തിനു ശേഷം സമീപ വീടുകളില്‍ കൊള്ളയും നടത്തി അക്രമികള്‍ രക്ഷപെട്ടു.

