ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍
ബര്‍ലിന്‍: ജര്‍മ്മനിയുടെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ ഹോളോകോസ്റ്റ് (യെഹൂദരുള്‍പ്പെടയുള്ളവരെ കൂട്ടക്കൊല നടത്തിയത്) അതിജീവിച്ചവര്‍ ഇന്ന് 90 രാഷ്ട്രങ്ങളിലായി ജിവിക്കുന്നത് 2,45,000 ആളുകളെന്ന് റിപ്പോര്‍ട്ട്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ക്കു ശേഷവും ജര്‍മ്മനിയും ഹിറ്റ്ലറും ഫാസിസ്റ്റ് ഹോളോകോസ്റ്റുമൊക്കെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത മുറിവുകളാണ്.
ഹോളോകോസ്റ്റില്‍ വിവിധ രീതിയിലുള്ള ശാരീരിക, മാനസിക പീഢനങ്ങള്‍ സഹിച്ച ഏകദേശം രണ്ടരലക്ഷത്തോടടുത്തുവരുന്ന ആളുകള്‍ക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ക്ളെയിംസ് കോണ്‍ഫ്രന്‍സിന്റേതാണ് ഈ കണക്കുകള്‍.
ഹോളോകോസ്റ്റിനെ അതിജീവിച്ച 2,45,000 പേരില്‍ 119,300 പേര്‍ യിസ്രായേലിലും 38,400 പേര്‍ അമേരിക്കയിലും, 21,900 പേര്‍ ഫ്രാന്‍സിലും, 14,200 പേര്‍ ജര്‍മ്മനിയിലുമായി ജീവിച്ചിരിക്കുന്നതായിട്ടാണ് കണ്ടെത്തല്‍. നിലവില്‍ ജീവിച്ചിരിക്കുന്നവര്‍ നാസി പീഢന കാലത്ത് കുട്ടികളായിരുന്നവരാണ്.
ക്യാമ്പുകള്‍, ഗെട്ടോകള്‍, ഫ്ലൈറ്റ്, ഒളിച്ചു താമസം എന്നിവയാല്‍ അതിജീവിച്ചവരാണിവര്‍. ഇപ്പോള്‍ ശരാശരി 86 വയസ്സുള്ള ഇവരുടെ പരിചരണത്തിന്റെയും ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്ളെയിംസ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റ് ഗിഡിയന്‍ ടെയ്ലര്‍ പറഞ്ഞു.
1951-ല്‍ സ്ഥാപിതമായ ക്ളെയിംസ് കോണ്‍ഫ്രന്‍സ് ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ക്കുവേണ്ടി നഷ്ടപരിഹാരം നല്‍കുന്നതിന് വാദിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഹോളോകോസ്റ്റില്‍ പ്രധാനമായും യഹൂദരാണ് കൂട്ടക്കൊലയ്ക്കിരയായത്. കടുത്ത യഹൂദ വിരോധിയായ ഹിറ്റ്ലര്‍ ലക്ഷ്യം വച്ചത് യഹൂദന്മാരെയായിരുന്നു. യൂറോപ്പില്‍ ഏകദേശം 90 ലക്ഷം യഹൂദന്മാരുണ്ടായിരുന്നു. ഇതില്‍ 60 ലക്ഷത്തിലധികം യഹൂദന്മാര്‍ കൂട്ടക്കൊലയ്ക്കിരയായി. അതായത് മൂന്നില്‍ രണ്ടു പേര്‍.
ജര്‍മ്മന്‍ അധിനിവേശത്തിലുള്ള യൂറോപ്പിലും നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്.
യഹൂദന്മാരെ കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്മ്യൂണിസ്റ്റുകാരും, സോവിയറ്റ് പൌരന്മാരും, സോവിയറ്റ് യുദ്ധത്തടവുകാരും, പോളണ്ടുകാരും, വികലാംഗരും, സ്വവര്‍ഗ്ഗ സ്നേഹികളായ പുരുഷന്മാരും, യഹോവയുടെ സാക്ഷികളായ സമൂഹവും, നാസികളെ എതിര്‍ക്കുന്നവരുമാണ് പൊതുവെ ഹോളോകോസ്റ്റിനിരകളായത്. ഇങ്ങനെ മൊത്തത്തില്‍ ഏതാണ്ട് 110 ലക്ഷം ആളുകളാണ് കൂട്ടക്കൊലയ്ക്കിരയായിത്.

