രോഗ മുക്തിക്കായി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച ബാലനെ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കി; ദാരുണാന്ത്യം
ഹരിദ്വാര്‍: രോഗമുക്തി ലഭിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ കുട്ടിക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹര്‍ക്കി പൌരിയിലാണ് സംഭവം. രക്താര്‍ബുദം ബാധിച്ച അഞ്ചുവയസുകാരനാണ് മരിച്ചത്.
മാതാപിതാക്കള്‍ കുട്ടിയെ തുടര്‍ച്ചയായി ഗംഗാ നദിയില്‍ മുക്കിയതാണ് മരണത്തിനു കാരണമായതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി 24 ബുധനാഴ്ചയാണ് ഡല്‍ഹി സ്വദേശികളായദമ്പതികള്‍ കുട്ടിയുമായി ഹര്‍കി പൌരിയിലെത്തിയത്. കൂടെ ഒരു ബന്ധുവുമുണ്ടായിരുന്നു.
തുടര്‍ന്ന് കുട്ടിയെ ഗംഗാ നദിയിലേക്കു കൊണ്ടുപോയി വെള്ളത്തില്‍ മുക്കുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. കുട്ടിയുടെ ജീവന് നഷ്ടപ്പെട്ടു എന്നു മനസ്സിലായതോടെ ചുറ്റും കൂടിനിന്നവര്‍ മാതാപിതാക്കള്‍ക്കു നേരെ തിരിഞ്ഞു ശകാരിച്ചു.
ഇതു കേട്ടപ്പോള്‍ എന്റെ മകന് എഴുന്നേല്ക്കും ; അത് ഉറപ്പാണ് എന്നാണ് മൃതദേഹത്തിനരികെ ഇരുന്നുകൊണ്ട് മാതാവ് പറഞ്ഞത്.
ഇതിന്റെ ദൃശ്യം അടുത്തുനിന്ന ആരോ പകര്‍ത്തിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
രക്താര്‍ബുദം ബാധിച്ച കുട്ടിയുടെ ആരോഗ്യ നില വഷളായപ്പോള്‍ ചികിത്സയ്ക്കായി സര് ഗംഗാ റാം ആശുപത്രിയില്‍ നേരത്തെ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവസ്ഥ അതീവ ഗുരുതരമായതിനാല്‍ അവര്‍ കൈവിടുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
തുടര്‍ന്നാണ് കുട്ടിയെ ഗംഗാ നദിയില്‍ മുക്കാനായി ഇവിടേക്ക് കൊണ്ടുവന്നതെന്ന് ദമ്പതികള്‍ സിറ്റി പോലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാര്‍ സിംഗിനോട് പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

