കേരളാ കടല്‍ത്തീരങ്ങളില്‍ തീക്കാറ്റ്, ചെടികള്‍ കരിഞ്ഞുണങ്ങി
കണ്ണൂര്‍ : കണ്ണൂര്‍ , കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ മഴയ്ക്കൊപ്പം തീക്കാറ്റ്. ചെടികള്‍ കരിഞ്ഞുണങ്ങിയത് അത്ഭുതമുളവാക്കി. ജൂണ്‍ 20 ശനിയാഴ്ച രാത്രി വൈകിയാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര മേഖലകളില്‍ തീരദേശത്ത് തീക്കാറ്റ് വീശിയത്.
കാറ്റടിച്ച ഭാഗങ്ങളില്‍ ചെടികളും വാഴയും വാടിക്കരിഞ്ഞു. കൊയിലാണ്ടിയില്‍ കൊല്ലം പാറപ്പള്ളി മുതല്‍ മന്ദമംഗലം വരെ ഒന്നര കിലോമീറ്ററിലാണ് ചൂടുകാറ്റ് വീശിയത്. ഈ സമയം അന്തരീക്ഷത്തില്‍ പൊതുവെ ചൂട് അനുഭവപ്പെട്ടതായി തീരദേശവാസികള്‍ പറഞ്ഞു. രണ്ടു ദിവസമായി ശക്തമായ മഴയും കാറ്റുമുണ്ട്.
മഴ പെയ്യുമ്പോഴും ശക്തമായ ഉഷ്ണം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ജൂണ്‍ 22 തിങ്കളാഴ്ച രാത്രിയും പുലര്‍ച്ചെയുമായി സമാന രീതിയില്‍ കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലും ഈ അനുഭവം ഉണ്ടായി.കാറ്റിനെത്തുടര്‍ന്ന് മരങ്ങളുടെ ഇലകള്‍ക്ക് നിറഭേദം വന്നു. ചെടികളും, ചെറു കാടുകളും വാടിക്കരിഞ്ഞു.
മുഴപ്പിലങ്ങാട് ബീച്ച്, ന്യൂമാഹി, അഴീക്കല്‍ എന്നിവിടങ്ങളിലെ ചെടികള്‍ , വാഴ, പപ്പായ എന്നിവ കത്തിക്കരിഞ്ഞു. പയ്യമ്പലം ബീച്ചിലും ഗസ്റ്റ് ഹൌസിനു സമീപത്തും തീക്കാറ്റുണ്ടായി. മഴയ്ക്കു മുമ്പും ശേഷവുമായിരുന്നു തീക്കാറ്റെന്ന് സമീപവാസികള്‍ പറഞ്ഞു. ജൂണ്‍ 24ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, മാരാരിക്കുളം, പുറക്കാട് മേഖലകളിലെ ബീച്ചുകളിലും തീക്കാറ്റ് അടിച്ചു.
പുലര്‍ച്ചെ അഞ്ചു മിനിറ്റോളം തീക്കാറ്റ് വീശി. തീക്കാറ്റ് അനുഭവപ്പെട്ടതിനെക്കുറിച്ച് അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചുവെന്ന് പഠിച്ച് വിലയിരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

