വചനത്തിനായുള്ള ആഗ്രഹം

വചനത്തിനായുള്ള ആഗ്രഹം

Articles Breaking News Editorials

വചനത്തിനായുള്ള ആഗ്രഹം

“അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പുതന്നെ” (ആമോസ് 8:11). യഹോവയായ ദൈവം തന്റെ പ്രവാചകനായ ആമോസിലൂടെ അന്നത്തെ വടക്കേ രാജ്യമായ യിസ്രായേലിനു നല്‍കിയ ദൂതുകളിലൊന്നായിരുന്നു ഈ വാക്യം. യിസ്രായേല്‍ ഭരിച്ചിരുന്നത് യൊരോബയാം രണ്ടാമനായിരുന്നു.

യിസ്രായേലിന്റെ പ്രമുഖ പട്ടണങ്ങളിലൊന്നായ ബഥേല്‍ അന്നത്തെ യഹൂദന്മാരുടെ പ്രധാന മതപഠന കേന്ദ്രമായിരുന്നു. എന്നിട്ടു പോലും വിഗ്രഹാരാധനയില്‍ അവര്‍ മുന്‍പന്തിയില്‍ത്തന്നെയായിരുന്നു.

അവരുടെ ധാര്‍മ്മികതയും ചോര്‍ന്നുപോയിരുന്നു. ആണയിടീല്‍, മോഷണം, അനീതി, പീഢനം, കവര്‍ച്ച, വ്യഭിചാരം, കൊലപാതകങ്ങള്‍ എന്നിവയിലും വളരെ കുപ്രസിദ്ധിയിലായിരുന്നു ഈ ദേശം. അതുകൊണ്ടുതന്നെ യഹോവയായ ദൈവം അവരോട് സന്ധി ചെയ്യാതെ ശക്തമായി ഇടപെട്ടു. അവരെ അന്യദേശത്തില്‍ പ്രവാസത്തില്‍ വിടുകയും അവിടെ കഷ്ടത അനുഭവിപ്പാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു.

മേല്‍ ഉദ്ധരിച്ചതുപോലെ യഹോവയുടെ വചനത്തിനായുള്ള വിശപ്പും ദാഹവും അവരിലുണ്ടായി. യഹോവയായ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഒരു കടപ്പാടായിട്ടല്ല. ദൈവത്തെ ആരാധിക്കുവാന്‍ വേണ്ടിയാണ്. ഇത് വാസ്തവത്തില്‍ ദൈവത്തിന് നമ്മോടുള്ള അനുകമ്പയായി മാത്രം കരുതിയാല്‍ മതി.

ദൈവത്തിന്റെ സൃഷ്ടികളായ നാം എല്ലാവരും ദൈവത്തിന്റെ ഇഷ്ടങ്ങളും ഉപദേശങ്ങളും അരുളപ്പാടുകളും അനുസരിച്ച് ജീവിക്കുവാന്‍ കടപ്പെട്ടവരാണ്.

ഇന്നും ഈ ലോകത്ത് നടക്കുന്നത് ആമോസ് പ്രവാചകന്റെ കാലഘട്ടത്തിനു സമാനമായാണ്. ന്യൂനപക്ഷങ്ങളായ ഒരു വിഭാഗം ക്രൈസ്തവര്‍ (പെന്തക്കോസ്ത് അനുഭവത്തില്‍ ജീവിക്കുന്നവര്‍ മാത്രം) ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുമ്പോള്‍ മറുവശത്ത് ഭൂരിഭാഗവും അന്യദൈവങ്ങളെ ആരാധിക്കുകയും ബിംബങ്ങളും സ്തൂപങ്ങളും ഉണ്ടാക്കുകയും വിശുദ്ധന്മാരെന്ന് പ്രഖ്യാപിച്ച് യേശുവിനു സമമായി കണ്ടുകൊണ്ട് നമസ്ക്കരിക്കുന്ന ദുരവസ്ഥയിലുമാണ്.

ഇക്കൂട്ടരില്‍ നല്ലൊരു ശതമാനം പേരും നാമധേയ ക്രൈസ്തവരാണ്. ഇവരും ജാതികള്‍ക്കു സമരാണ്. ദൈവനാമം ദുഷിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങള്‍ മൂലം യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം നയിക്കുന്നവര്‍ക്ക് ലോകക്കാരുടെ മുമ്പില്‍ ആശയക്കുഴപ്പങ്ങളുണ്ടാകുന്നു.

യൊരോബയാം രാജാവിന്റെ ഭരണകാലത്തിനു തുല്യമായ ഭരണമാണ് ഇന്നു ഈ ലോകത്ത് നടക്കുന്നത്. നാട്ടില്‍ അനീതിയും അക്രമങ്ങളും കൊള്ളയും തട്ടിയെടുക്കലും കൊലപാതകങ്ങളും പീഢിപ്പിക്കലുമൊക്കെ തകൃതിയായി നടക്കുന്നു.

പല വമ്പന്മാരും അധികാരികളാലും രാഷ്ട്രീയക്കാരാലും, സമുദായ നേതാക്കളാലും സംരക്ഷിക്കപ്പെടുന്നു. അനീതി ചെയ്യുന്നതിനു തക്കവണ്ണം ശിക്ഷാവിധി ലഭിക്കാത്തതു കാരണം അകൃത്യങ്ങളും അനീതികളും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

പുതിയനിയമ വ്യവസ്ഥ പ്രകാരം സകലത്തിനും ഏകപരിഹാരം യേശുക്രിസ്തു മാത്രമാണ്. സകല പാപങ്ങള്‍ക്കും വേണ്ടി 2000 വര്‍ഷം മുമ്പ് യേശു യാഗമായിത്തീര്‍ന്നു. യേശുവില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍ക്കു വീണ്ടെടുപ്പും നിത്യരക്ഷയുമുണ്ട്.

അതിനായി എല്ലാവരും തയ്യാറാകുമ്പോള്‍ നമ്മുടെ ദേശവും നന്നാകും. പഴയ നിയമ കാലത്തേക്കാള്‍ അധിക ശിക്ഷാവിധിയാണ് പാപികള്‍ക്കായി ദൈവം ഒരുക്കിയിട്ടുള്ളത്.

അത് നിത്യ നരകമാണ്. അതിലേക്കു വീഴാതെ ഇരിക്കുവാന്‍ എല്ലാവരും മാനസാന്തരപ്പെടുക. ദൈവവചനം അനുസരിച്ചു ജീവിക്കുക.
പാസ്റ്റര്‍ ഷാജി.എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.