കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ ഇടിയുന്നു; ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ ഇടിയുന്നു. 2011-ല്‍ 5,60,268 കുട്ടികള്‍ ജനിച്ചപ്പോള്‍ 2021-ല്‍ ജനിച്ചത് 4,19,769 പേര് മാത്രമാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
25.077 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എറണാകുളത്ത് 46 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ശതമാനം കുറഞ്ഞു.
മുപ്പതു വയസ്സില്‍ താഴെയുള്ളവര്‍ വന്ധ്യതാ ചികിത്സ തേടുന്ന പ്രവണത കുറയുകയും ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണത കൂടുകയും ചെയ്തു. സര്‍ക്കാര്‍ ജോലി കിട്ടിയിട്ടു മതി കുഞ്ഞെന്നു ഒരു വിഭാഗം ചിന്തിക്കുമ്പോള്‍ മറ്റൊരു കൂട്ടര് വിദേശത്തു പോകുവാന്‍ വേണ്ടി ഗര്‍ഭധാരണം ഒഴിവാക്കുന്നു.
ഇതോടെ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പുതിയ തലമുറകള്‍ കേരളത്തില്‍ കാര്യമായി കുറയാന്‍ ഇടയാകും. 2011-ല്‍ കേരളത്തില്‍ ജനന നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും തുടര്‍ന്ന് ഘട്ടം ഘട്ടമായി കുറഞ്ഞു.
2019-ല്‍ 4,80,113 ആയി. 2021-ലേക്ക് കുത്തനെ താഴേക്ക് ഇറങ്ങി. 10 വര്‍ഷത്തിനിടെ എല്ലാ ജില്ലകളിലും കുഞ്ഞുങ്ങളുടെ ജനനത്തില്‍ കുറവുണ്ട്.
ഇതിനു പിന്നിലുള്ള കാരണങ്ങളും വ്യക്തമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പോയി സ്ഥിരതാമസമാക്കുന്നതോടെ ഇവിടെ ജനനം കുറയുന്നു. അതുപോലെ സാമ്പത്തിക മന്ദതയ്ക്ക് മുന്‍തൂക്കം നല്‍കുന്നവരും ഏറെയാണ്.
അതിനാല്‍ ഒരു കുഞ്ഞ് മതിയെന്ന ചിന്താഗതിയും, കുഞ്ഞുങ്ങള്‍ വേണ്ടെന്നു തന്നെ ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ ചിലര്‍ കുഞ്ഞുങ്ങള്‍ പതുക്കെ മതിയെന്നു വിചാരിക്കുന്നതായും കാണപ്പെടുന്നു.

