ജനിതക എഡിറ്റിങ്ങിലൂടെ ക്യാന്‍സര്‍ കോശങ്ങളെ ആരോഗ്യമുള്ളവയാക്കി, ക്യാന്‍സര്‍ ചികിത്സയില്‍ വന്‍ മുന്നേറ്റം
വാഷിംങ്ടണ്‍ : ജനിതക എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ക്യാന്‍സര്‍ കോശങ്ങളെ ആരോഗ്യകരമായ പേശി കോശങ്ങളാക്കി രൂപാന്തിരപ്പെടുത്തി വിപ്ളവം കുറിച്ചു.
ഇതു വൈകാതെ ക്യാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുമെന്നും വൈദ്യശാസ്ത്രം പ്രതീക്ഷ പുലര്‍ത്തുന്നു. ഗവേഷണം ഇപ്പോഴും ആദ്യ ഘട്ടത്തിലാണെങ്കിലും ഡിഫറന്‍സേഷന്‍ തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാ രീതിയില്‍ വന്‍ മുന്നേറ്റമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
അസ്ഥി, രക്താര്‍ബുദം പോലുള്ള ക്യാന്‍സറിലും ഡിഫറന്‍സേഷന്‍ തെറാപ്പി പരീക്ഷിച്ചു കഴിഞ്ഞു. ഇതിനുള്ള നാലു മരുന്നുകള്‍ക്ക് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കി.
10 വയസില്‍ താഴെയുള്ള കുട്ടികളെ പ്രധാനമായും ബാധിക്കുന്ന അപൂര്‍വ്വ അര്‍ബുദമായ റാബ്ഡോ മയോര്‍കോമ (ആര്‍എംഎസ്) ഡിഫറന്‍സേഷന്‍ തെറാപ്പിയിലൂടെ നേരിടുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. ഈ രോഗം ബാധിച്ച കോശങ്ങളില്‍ പരീക്ഷണം വിജയം കണ്ടു.
ക്യാന്‍സര്‍ കോശങ്ങളിലെ പ്രത്യേക പ്രോട്ടീന്‍ പ്രവര്‍ത്തന രഹിതമാകുന്നതിലൂടെ അവ ആരോഗ്യകരമായ പേശീ കോശങ്ങളായി മാറുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതു സംബന്ധിച്ചുള്ള ലേഖനം പി.എന്‍ .എ.എസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആര്‍എംഎസ് ബാധിച്ചവര്‍ക്ക് ഇപ്പോള്‍ ശസ്ത്രക്രീയ, റേഡിയേഷന്‍ , കീമോതെറാപ്പി എന്നിവയാണ് ചികിത്സ. ഡിഫറന്‍സേഷന്‍ തെറാപ്പി ഇതിനു പകരം ഉപയോഗിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ എന്നു കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയിലെ പ്രൊഫ. ക്രിസ്റ്റഫര്‍ വാക്കോക്ക് അറിയിച്ചു. ക്യാന്‍സര്‍ കോശങ്ങളെ സാധാരണ കോശങ്ങളായി പരിവര്‍ത്തനം ചെയ്യുകയാണ് തെറാപ്പിയുടെ ലക്ഷ്യം.

