എത്യോപ്യയില്‍ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയതു മൂലം പട്ടിണി; 700 മരണം
ടിഗ്രേ: എത്യോപ്യയിലെ നോര്‍ത്തേണ്‍ ടിഗ്രേ പ്രവിശ്യയില്‍ ഏതാനും ആഴ്ചകള്‍ക്കിടെ ഉണ്ടായ പട്ടിണി മൂലം എഴുന്നൂറിലേറെ പേര്‍ മരിച്ചു.
അമേരിക്കയും യു.എന്നും ഭക്ഷ്യസഹായം നിര്‍ത്തിയതു മൂലമാണിത്. പട്ടിണിപ്പാവങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ മോഷ്ടിച്ചു കടത്തി വില്‍പ്പന നടത്തുന്നതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സഹായം നിര്‍ത്തേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
മാര്‍ച്ചിലാണ് യുഎന്നും, യുഎസും ആദ്യം ടിഗ്രേയിലേക്കുള്ള ഭക്ഷ്യ സഹായം നിര്‍ത്തിയത്. തുടര്‍ന്ന് ജൂണില്‍ എത്യോപ്യ മുഴുവന്‍ ഭക്ഷ്യ സഹായം നിര്‍ത്തി. രണ്ടുകോടി ആളുകളെ അത് ബാധിച്ചു.
മാര്‍ച്ചിനു ശേഷം ടിഗ്രേയിലെ ഏഴു സോണുകളില്‍ 728 പേര്‍ പട്ടിണി കിടന്നു മരിച്ചുവെന്ന് ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്റ് കമ്മീഷന്‍ അറിയിച്ചു.
മരിച്ചവരിലേറെയും കുട്ടികളും വയോധികരുമാണ്. 1,34000 പേര്‍ക്കായി അയച്ച ഭക്ഷ്യവസ്തുക്കള്‍ ഷിറെ പട്ടണത്തിലെ പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതായി യു.എസ് അധികൃതര്‍ കണ്ടെത്തിയിരുന്നു.
ടിഗ്രേയില്‍ പോഷകാഹാരക്കുറവു മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 196 ശതമാനം ഉയര്‍ന്നു.
യുദ്ധം മൂലം ടിഗ്രേയിലെ 60 ലക്ഷം ജനങ്ങളില്‍ 54 ലക്ഷവും പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ .

