സൌദി മരുഭൂമിയില്‍ 2000 വര്‍ഷം മുമ്പുള്ള റോമന്‍ സൈനിക താവളം കണ്ടെത്തി
റിയാദ്: സൌദി അറേബ്യന്‍ മരുഭൂമിയില്‍ രണ്ടായിരം വര്‍ഷം മുമ്പുണ്ടായിരുന്ന റോമന്‍ സൈനികതാവളത്തിന്റെ ശേഷിപ്പുകള്‍ ഗവേഷകര്‍ കണ്ടെത്തി.
ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് സൈനികത്താവളം കണ്ടെത്തിയത്.
രണ്ടാം നൂറ്റാണ്ടില്‍ തെക്കു കിഴക്കന്‍ യോര്‍ദ്ദാനിലൂടെ സൌദിയിലേക്കുള്ള റോമന്‍ പ്രവേശനത്തിന്റെ തെളിവുകളാണ് സൈനികത്താവളങ്ങള്‍ അവശേഷിപ്പിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
എഡി 105-ല്‍ യോര്‍ദ്ദാനിലെ നബാതിയന്‍ സാമ്രാജ്യം പിടിച്ചടക്കിയതിനു പിന്നാലെയാണ് റോമക്കാര്‍ കോട്ടകള്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. ഓരോ വശത്തും എതിര്‍വശത്തും പ്ളേയിംഗ് കാര്‍ഡ് രൂപത്തിലുള്ള പ്രവേശന കവാടങ്ങള്‍ കാണാന്‍ കഴിയും.
ഇത്തരം പ്രത്യേകതകള്‍ കണ്ടെത്തിയതില്‍നിന്നും സൈനികത്താവളം നിര്‍മ്മിച്ചത് റോമന്‍ സൈനികരാണെന്ന് ഉറപ്പാണെന്നു സൈനിക കേന്ദ്രം ആദ്യം കണ്ടെത്തിയ ഡോ. മൈക്കല്‍ ഫ്രോഡ്ലി പറഞ്ഞു.
സൌദി അറേബ്യയിലെ റോമന്‍ അധിപത്യത്തെക്കുറിച്ചു കൂടുതല്‍ ചരിത്ര വസ്തുതകള്‍ വെളിപ്പെടുത്തുന്നതാണ് കണ്ടെത്തലെന്ന് റോമന്‍ സൈനിക വിദഗ്ദ്ധന് ഡോ. മൈക്ക് ബിഷപ് അഭിപ്രായപ്പെട്ടു.
നബാതിയന്‍ സാമ്രാജ്യത്തിന്റെ അവസാന രാജാവായ റാബല്‍ രണ്ടാമന് സോട്ടറിന്റെ മരണത്തെത്തുടര്‍ന്ന് നബാതിയന്മാര്ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ തെളിവുകളാണ് സൈനിക കേന്ദ്രമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
എഡി 70 മുതല്‍ 106 വരെ ഭരണത്തിലായിരുന്ന നബാതിയന്‍ രാജാവായിരുന്നു റാബല്‍ രണ്ടാമന് സോട്ടര്‍ . റാബലിന്റെ പിതാവ് മാലിച്ചസ് രണ്ടാമന് മരിക്കുമ്പോള്‍ റാബല്‍ കുട്ടിയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മാതാവ് ഷാക്കിലത്ത് രണ്ടാമന് നബാതിയന്റെ ഭരണം ഏറ്റെടുത്തു.
106-ല്‍ റാബല്‍ മരിക്കുമ്പോള്‍ റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്‍ അനായാസമായി നബാതിയന്‍ രാജ്യം കീഴടക്കുകയായിരുന്നു എന്നാണ് ചരിത്രം.

