കടലില്‍ മുങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിച്ച പാസ്റ്ററും ഭാര്യയും മരിച്ചു; മകന് രക്ഷപെട്ടു
കാമകാരി: കുടുംബമായി ബിച്ചില്‍ എത്തിയപ്പോള്‍ കൌമാരക്കാരനായ മകന് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മാതാവും മുങ്ങിമരിച്ചു.
മകനെ മറ്റുള്ളവര്‍ രക്ഷിച്ചു. ജനുവരി 10-ന് രാവിലെ 10 മണിയോടെ ബ്രസീലിലെ കാമകാരി ബീച്ചിലാണ് സംഭവം. 13 വയസുള്ള മകന് ഇയാന്‍ സാമ്പായിയോ ബീച്ചിലെ കടല്‍ത്തിരയില്‍ പെട്ട് വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് പിതാവ് ഫെലിസ്ബെര്‍ട്ടോ (43) മാതാവ് ഇനാല്ഡ സിസിയോയും (42) കണ്ടു. ഉടന്‍തന്നെ ഇരുവരും വെള്ളത്തിലേക്കിറങ്ങി.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഈ സമയം സംഭവം കണ്ട ഒരു മല്‍സ്യ തൊഴിലാളിയും മറ്റൊരു കുടുംബാംഗവും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
എന്നാല്‍ മാതാപിതാക്കളെ യഥാസമയം വെള്ളത്തില്‍നിന്നും പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല. പ്രാഥമിക ശുശ്രൂഷയില്‍ കുട്ടിയെ ജീവിതത്തിലേക്കു കൊണ്ടുവരികയായിരുന്നു. എന്നാല്‍ അല്പ സമയത്തിനുശേഷം കുട്ടികളുടെ മാതാപിതാക്കളെ പുറത്തെടുത്തു അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
സാമ്പായിയോ കുടുംബം ബ്രസീലിലെ കാമ്പിന ഗ്രാന്‍ഡെ നഗരത്തില്നിന്നുള്ളവരായിരുന്നു. പിതാവ് 12 വര്‍ഷമായി പരൈബയിലെ ക്വിക് ബാബയിലെ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ പാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഒരു അവധിക്കാല ടൂര്‍ പരിപാടിക്കായിരുന്നു ബിച്ചിലെത്തിയത്. പാസ്റ്റര്‍ ദമ്പതികളുടെ മൂത്ത മകന് മറ്റൊരു സ്ഥലത്തായിരുന്നതിനാല്‍ വിനോദ യാത്രയ്ക്കു കടന്നു വരാന്‍ കഴിഞ്ഞിരുന്നില്ല. പാസ്റ്ററുടെയും ഭാര്യയുടെയും വിയോഗത്തില്‍ എജി സഭയിലെ വിശ്വാസികള്‍ കടുത്ത ദുഃഖത്തിലാണ്.

