കോംഗോയില്‍ പെന്തക്കോസ്ത് ചര്‍ച്ചില്‍ സ്ഫോടനം, 17 മരണം
കിന്‍ഹാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ പെന്തക്കോസ്ത് ചര്‍ച്ചില്‍ ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു.
39 പേര്‍ക്ക് പരിക്കേറ്റു. ഐഎസ് ബന്ധമുള്ള തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് നിഗമനം.
ഉഗാണ്ട അതിര്‍ത്തിയിലെ വടക്കന്‍ കിവു പ്രവശ്യയിലെ കസിന്‍ഡി ഗ്രാമത്തിലെ ലുബിറിഎ പെന്തക്കോസ്തു ചര്‍ച്ചിലെ ആരാധനയ്ക്കുശേഷം വൈകിട്ട് നടന്ന സ്നാനശുശ്രൂഷയ്ക്കിടയിലായിരുന്നു സ്ഫോടനം.
ഉഗാണ്ടയില്‍ സ്ഥാപിതമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന തീവ്രവാദി സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോംഗോ ആര്‍മി വ്യക്താവ് അന്തോണി മാവാലുഷെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ ചിന്നിച്ചിതറിയിട്ടുണ്ട്.
സംഭവത്തില്‍ ഒരു കെനിയന്‍ പൌരനുള്‍പ്പെടെ നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തില്‍ കോംഗോ പ്രസിഡന്റ് ഫെലിക്സ് അന്തോണി ദുഃഖം രേഖപ്പെടുത്തുകയും അക്രമികളെ അടിച്ചമര്‍ത്തുമെന്നും പ്രഖ്യാപിച്ചു.

