മൊസാമ്പിക്കില്‍ 21 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാമ്പിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 21 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ വടക്കന്‍ മൊസാമ്പിക്കില്‍ നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 26-ന് കാബോ ഡെല്‍ഗോഡോ പ്രവിശ്യയിലെ ചിയൂര്‍ ജില്ലയില്‍ ഒരു ക്രൈസ്തവ ആരാധനാലയവും നിരവധി വീടുകളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കി.
സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒക്ടോബര്‍ 3 മുതല്‍ 20 വരെയായി നടന്ന വിവിധ ആക്രമണങ്ങളില്‍ 20 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആക്രമണങ്ങളെ ഭയന്ന് നൂറുകണക്കിന് ക്രൈസ്തവര്‍ പാലായനം ചെയ്യുകയുമുണ്ടായി.
ഐഎസ് അനുകൂല സംഘടനയായ അഹ്ളു സുന്ന വാ-ജമായയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.
തീവ്രവാദികളുടെ വീക്ക്ലി പ്രസിദ്ധീകരണത്തിലൂടെയാണ് തങ്ങള്‍ ചെയ്ത ആക്രമണങ്ങള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലും ഇതേ പ്രവിശ്യയില്‍ത്തന്നെ 8 ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി.

