ടൈറ്റാനിക്കിന്റെ ഇതുവരെ കാണാത്ത മുഖം വെളിച്ചം കാണുന്നു

ടൈറ്റാനിക്കിന്റെ ഇതുവരെ കാണാത്ത മുഖം വെളിച്ചം കാണുന്നു

Breaking News Europe

ടൈറ്റാനിക്കിന്റെ ഇതുവരെ കാണാത്ത മുഖം വെളിച്ചം കാണുന്നു
ന്യുയോര്‍ക്ക്: വിശ്വസപ്രസിദ്ധ ടൈറ്റാനിക് കപ്പലിന്റെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അവശിഷ്ടങ്ങളുടെ 8 കെ റെസലൂഷനിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

മുമ്പ് കണ്ടിട്ടില്ലാത്ത ടൈറ്റാനിക്കിന്റെ ഭാഗങ്ങളും ഈ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീഡിയോ പുറത്തു വിട്ടത്.

200 പൌണ്ട് ഭാരമുള്ള ടൈറ്റാനിക്കിന്റെ കൂറ്റന്‍ നങ്കൂര ചങ്ങല, കപ്പലിന്റെ പോര്‍ട്ട് സൈഡിലെ നങ്കൂരം, കപ്പല്‍ രണ്ടായി പിളര്‍ന്നപ്പോള്‍ കടലിനടയിലേക്ക് വീണ ബോയ്ലറുകളിലൊന്ന് എന്നിവയൊക്കെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

ഓഷന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ളോഡ് ചെയ്തത്. വീഡിയോ ഉയര്‍ന്ന റെസലൂഷനിലായതിനാല്‍ കപ്പലിന്റെ നിറങ്ങള്‍ സംബന്ധിച്ചും മനസ്സിലാക്കാം.

ടൈറ്റാനിക്കിന്റെ നങ്കൂരത്തില്‍ അതിന്റെ നിര്‍മ്മാതാക്കളായ നോഅഹിംലി ആന്‍ഡ് സണ്‍സ് ലിമിറ്റഡിന്റെ പേര് എഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കന്‍ അറ്റ്ലാന്റിക്കില്‍ ഈ വര്‍ഷം മേയില്‍ നടത്തിയ എട്ട് ദിന പര്യവേഷണത്തിലൂടെയാണ് വീഡിയോ പകര്‍ത്തിയത്. പ്രതിവര്‍ഷം ഇവിടം സന്ദര്‍ശിച്ച് കപ്പലിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാനാണ് ഓഷന്‍ഗേറ്റ് ആലോചിക്കുന്നത്.

1912 ഏപ്രില്‍ 15-നാണ് ആര്‍ ‍.എം.എസ്. ടൈറ്റാനിക് കപ്പല്‍ ആദ്യ യാത്രയില്‍ത്തന്നെ മഞ്ഞുമലയിലിടിച്ച് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് അമര്‍ന്നത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാര്‍ ലൈനിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടൈറ്റാനിക്.

ഏപ്രില്‍ 10-ന് ഇംഗ്ളണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യുയോര്‍ക്കിലേക്ക് 2,224 യാത്രക്കാരുമായാണ് ടൈറ്റാനിക് കന്നിയാത്ര നടത്തിയത്. അന്ന് നിര്‍മ്മിക്കപ്പെട്ടവയില്‍വെച്ച് ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന ടൈറ്റാനിക്കിനെ ‘ഒരിക്കലും മുങ്ങാത്ത കപ്പല്‍ ‍’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

അപകടത്തില്‍ 1500-ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. സമുദ്ര ഗതാഗതത്തിലെ എന്നെന്നും ഓര്‍മ്മിക്കുന്ന ഏറ്റവും വലിയ ദുരന്തമായി ടൈറ്റാനിക് കപ്പല്‍ ദുരന്തത്തെ ലോകം കാണുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.