പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം
സംബാല്‍പൂര്‍ : ലക്ഷങ്ങള്‍ മുടക്കി ഡോക്ടറായശേഷം മുടക്ക് കാശ് പിടിക്കാനായി രോഗികളില്‍നിന്നും വലിയ ഫീസുകള്‍ വരെ ഈടാക്കുന്നവരാണ് സമൂഹത്തിലെ ഡോക്ടര്‍മാര്‍ .
എന്നാല്‍ ഡോക്ടര്‍ ജോലി ഒരു പണം വാരല്‍ മാത്രമല്ല സേവനമായി കണ്ടുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ഡോക്ടറാണ് ശങ്കര്‍ രാം ചന്ദനി എന്ന 38 കാരന്‍ .
ഒഡീഷയില്‍ ഒരു രൂപാ ക്ളിനിക് തുടങ്ങി മാതൃകയാക്കിയിരിക്കുകയാണ് ഈ യുവ ഡോക്ടര്‍ . ബര്‍ലായിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിലെ (വിംസാര്‍ ) വൈദ്യശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ശങ്കര്‍ രാം ചന്ദനി ബുര്‍ല ടൌണിലാണ് ഒരു രൂപ ക്ളിനിക് ആരംഭിച്ചത്.
ഡ്യൂട്ടി സമയത്തിനുശേഷം ദരിദ്രര്‍ക്കും, നിരാലംബര്‍ക്കും സൌജന്യ ചികിത്സ നല്‍കണമെന്ന ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ഒരു രൂപാ ക്ളിനിക് ആരംഭിച്ചത്. എന്നാല്‍ ഒരു സീനിയര്‍ റെസിഡന്റായാണ് വിംസറില്‍ ചേര്‍ന്നത്.
റെസിഡന്റുകള്‍ക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യാന്‍ അനുവാദമില്ല. അതിനാല്‍ എനിക്ക് ഒരു രൂപ ക്ളിനിക് നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അടുത്തിടെ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാന കയറ്റം ലഭിച്ചു. അസിസ്റ്റന്റ് പ്രൊഫസറെന്ന നിലയില്‍ എന്റെ ഡ്യൂട്ടി സമയത്തിനുശേഷം സ്വകാര്യ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ലഭിച്ചു.
അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഒരു വാടക വീട്ടില്‍ ക്ളിനിക് ആരംഭിച്ചു രാം ചന്ദനി പറഞ്ഞു. ദരിദ്രരില്‍നിന്നും നിരാലംബരായ ആളുകളില്‍നിന്നും ഒരു രൂപാ ഈടാക്കുന്നു. കാരണം സേവനം സൌജന്യമായി നേടുന്നുവെന്ന് അവര്‍ക്ക് തോന്നരുത്.
ചികിത്സയ്ക്കായി കുറച്ചു പണം നല്‍കിയെന്ന് അവര്‍ക്ക് തോന്നരുത്. അതുകൊണ്ടാണ് ഒരു രൂപാ ഈടാക്കുന്നത്. ഡോക്ടര്‍ പറഞ്ഞു.
ബുര്‍ല ടൌണിലെ കച്ച മാര്‍ക്കറ്റ് മേഖലയില്‍ തുടങ്ങിയ ക്ളിനിക് സമയം രാവിലെ 7 മുതല്‍ 8 വരെയും വൈകിട്ട് 6 മുതല്‍ 7 വരെയുമാണ്.

