അര്‍ബുദത്തെ നശിപ്പിക്കാന്‍ ശരീരത്തിനു സഹായകരമാകുന്ന ബാക്ടീരിയ കണ്ടെത്തി
മിസൌറി: അര്‍ബുദത്തിന് പ്രതിരോധം സൃഷ്ടിച്ച് ഗവേഷകര്‍ .
ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇതിനു മരുന്ന് കണ്ടുപിടിക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കുന്ന ഒരു പ്രതിരോധ സംവിധാനത്തെ സഹായിക്കാന്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ബാക്ടീരിയായ്ക്ക് സാധിക്കുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് മിസൌറി സര്‍വ്വകലാശാലയിലെ ഒരു പറ്റം ഗവേഷകര്‍ .
പ്രോസ്റ്റേറ്റ് അര്‍ബുദം പോലെ ചില അര്‍ബുദങ്ങളില്‍ ഇമ്മ്യുണോ തെറാപ്പി ഫലം ചെയ്യില്ല. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കീഴ്പ്പെടുത്തുവാന്‍ ഇത്തരം അര്‍ബുദ രോഗങ്ങള്‍ക്കു കഴിയും.
ഇതിനൊരു പരിഹാരമാണ് 50 വര്‍ഷം പഴക്കമുള്ള ബാക്ടീരിയ വകഭേദത്തിലൂടെ മിസൌറി സര്‍വ്വകലാശാലയിലെ ബയോളജി സയന്‍സ് ഡിവിഷന് അസിസ്റ്റന്റ് പ്രൊഫസര്‍ വെസ് ചിബു പരിചയപ്പെടുത്തുന്നത്. രോഗികളുടെ ഇമ്മ്യുണോ തെറാപ്പി സംബന്ധമായ പരിമിതികളെ ജനിതക പരിവര്‍ത്തനം നടത്തിയ ബാക്ടീരിയായിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വെസ് ചിബു അഭിപ്രായപ്പെടുന്നത്.
അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ അര നൂറ്റാണ്ടിലേറെ സാധാരണ താപ നിലയില്‍ സൂക്ഷിച്ചിരുന്ന സാല്‍മൊണെല്ലാ ബാക്ടീരിയയുടെ വിഷമയമല്ലാത്ത വകഭേദമായ സിആര്‍സി 2631 കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെയും മിസൌറി സര്‍വ്വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നത്. സിആര്‍സി 2631 ഉപയോഗിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രോസ്റ്റേറ്റ് കാന്‍സറിനെതിരെയും തിരിച്ചു വിടാനാകുമെന്നാണ് ചിബു പറയുന്നത്.

