ബാല്‍ ക്ഷേത്രത്തിന്റെ കൂറ്റന്‍ കമാനം ന്യുയോര്‍ക്കിലും, ലണ്ടനിലും പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു

Breaking News Europe Global USA

ബാല്‍ ക്ഷേത്രത്തിന്റെ കൂറ്റന്‍ കമാനം ന്യുയോര്‍ക്കിലും, ലണ്ടനിലും പണിയാനുള്ള ശ്രമം ഉപേക്ഷിച്ചു
ന്യുയോര്‍ക്ക്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത പുരാതന സിറിയക്കാരുടെ ആരാധനാ ക്ഷേത്രമായ ബാല്‍ ക്ഷേത്രത്തിന്റെ കൂറ്റന്‍ കമാനത്തിന്റെ പതിപ്പ് പ്രമുഖ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ചില തല്‍പ്പര കക്ഷികളുടെ ആഗ്രഹത്തിന്മേല്‍ നിര്‍മ്മിക്കാനുള്ള ഗൂഢ പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു.

 

സിറിയയിലെ പാല്‍മിറയില്‍ എ.ഡി. 32-ല്‍ റോമന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ബാല്‍ ക്ഷേത്രത്തില്‍ ശിശുബലി, ലൈംഗിക അധാര്‍മ്മികത മുതലായ അനാചാരങ്ങളൊക്കെ നടന്നിരുന്നു. നൂറ്റാണ്ടുകളോളം ചരിത്ര സ്മാരകമായി പുരാവസ്തു ഗവേഷകര്‍ പരിപാലിച്ചു പോന്നിരുന്ന ബാലിന്റെ ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയില്‍ നടത്തിയ മുന്നേറ്റത്തിനിടയില്‍ 2015 ആഗസ്റ്റില്‍ പാല്‍മിറയിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്ത കൂട്ടത്തില്‍ ബാലിന്റെ ക്ഷേത്രവും കമാനവും ഭാഗീകമായി തകര്‍ത്തിരുന്നു.

 

ഇതിനെത്തുടര്‍ന്നു അമേരിക്കയിലെ ന്യുയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലും ഇംഗ്ലണ്ടിലെ ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്ക്വയറിനു മുമ്പിലും 48 അടി ഉയരത്തില്‍ പാല്‍മിറയിലെ ബാല്‍ ക്ഷേത്ര കമാനത്തിന്റെ തനിപ്പകര്‍പ്പില്‍ രണ്ടു ബാല്‍ കമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിജിറ്റല്‍ ആര്‍ക്കിയോളജി എന്ന സ്ഥാപനം തീരുമാനിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസം 19-നു ന്യുയോര്‍ക്ക് ടൈംസ് ദിനപ്പത്രം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഏപ്രില്‍ മാസം ഒടുവില്‍ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത വന്നിതിനെത്തുടര്‍ന്നു അമരിക്കയിലെയും, ഇംഗ്ലണ്ടിലെയും ക്രൈസ്തവ ജനത ഒന്നടങ്കം ശക്തമായി പ്രാര്‍ത്ഥിച്ചു വരികയായിരുന്നു. എന്നാല്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ത്തന്നെ കമാനം നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഐ..ഡി.എ. അതോറിറ്റിക്കാര്‍തന്നെ തങ്ങളുടെ തീരുമാനം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു.

 

ബാല്‍ക്ഷേത്ര കമാന നിര്‍മ്മാണത്തിനെതിരെ വ്യാപക പ്രതിഷേധവും, പ്രാര്‍ത്ഥനയും നടന്നതു മൂലമാണ് സാത്താന്റെ പ്രവര്‍ത്തികളെ തടയാന്‍ കഴിഞ്ഞതെന്ന് വിശ്വാസികള്‍ പറഞ്ഞു. ദൈവമക്കളുടെ പ്രാര്‍ത്ഥനയുടെ ഫലം കണ്ടെന്ന് പ്രമുഖ ക്രൈസ്തവ എഴുത്തുകാരന്‍ മൈക്കിള്‍ സ്നെഡര്‍ പറഞ്ഞു. സകല അധാര്‍മ്മികതയുടെയും കേളീരംഗമായ അമേരിക്കയില്‍ ബാല്‍ കമാനംകൂടി വന്നാല്‍ എന്തായിരിക്കുമെന്ന് ദൈവമക്കള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു.

 

“വിശുദ്ധ നാടുകളിലേക്ക്” എന്ന പേരില്‍ ഈജിപ്റ്റ്, സിറിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ടൂറിസ്റ്റുകളായി ക്രൈസ്തവരെ കൊണ്ടുപോയി പണം തൂത്തുവാരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതില്‍ സമുദായ നേതാക്കളും പെന്തക്കോസ്തുകാരും ഉള്‍പ്പെടുന്നു.

 

ഇവിടങ്ങളിലൊക്കെ ടൂറിസ്റ്റുകളായിപ്പോയി പല ചരിത്ര സ്മാരകങ്ങളും ഇത്തരം ക്ഷേത്രങ്ങളുടെ കമാനങ്ങളും കാണുക പതിവാണ്. ഇതുപോലെ അമേരിക്കയിലും, ഇംഗ്ലണ്ടിലും ബാലിന്റെ ക്ഷേത്ര കമാനങ്ങള്‍ വന്നാല്‍ ഇനി ഇവിടങ്ങളിലേക്കും ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കും ഉണ്ടാകുന്നത്.

 

എന്തായാലും ദൈവമക്കളുടെ പ്രാര്‍ത്ഥന വളരെ ഫലിച്ചു. സാത്താന്റെ നിര്‍മ്മിതികളെ സ്ഥാപിക്കാനുള്ള ഗൂഢ തന്ത്രം ഉപേക്ഷിച്ചതിനു ദൈവത്തിനു സ്തോത്രം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.