ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 82 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു
അബുജ: ആഫ്രിക്കയിലെ ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു.
നൈജീരിയായുടെ വടക്കു കിഴക്കന്‍ മേഖലയായ ചിബോക്കില്‍നിന്നും മൂന്നു വര്‍ഷം മുമ്പ് 276 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഭീകരര്‍ വാഹനങ്ങളിലെത്തി തട്ടിക്കൊണ്ടുപോയത്.
ഇതില്‍ 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചതെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു. സര്‍ക്കാരും ഭീകരരും തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ വിട്ടുകൊടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെയും ചില പെണ്‍കുട്ടികളെ ഭീകരര്‍ മോചിപ്പിച്ചിരുന്നു. 2014 ഏപ്രില്‍ 18-നായിരുന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

