ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം

Breaking News Global India

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം
ഡല്‍ഹി: ക്രിക്കറ്റുകളി കാണാനായി ടെലിവിഷനു മുന്നില്‍ പ്രായവ്യത്യാസം കൂടാതെ രാവെന്നോ പകലെന്നോ ഇല്ലാതെ കണ്ണു മിഴിച്ചിരുന്ന കാലം അസ്തമിക്കുന്നുവോ?.

 

ക്രിക്കറ്റ് ഒരു മതം തന്നെയെന്നു ചിലര്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞ അനുഭവങ്ങള്‍ ‍, ഇത് വെറുമൊരു കളിയല്ല ഒരു വികാരമാണെന്നു ക്രിക്കറ്റു പ്രേമികള്‍ ഉറപ്പിച്ചു പറയുമ്പോഴും, ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റു പ്രേമികളുള്ള ഇന്ത്യയില്‍ത്തന്നെ ഈ കളിയുടെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം തെളിയിക്കുന്നു.

 

ഇന്ത്യയുടെ കളിയുള്ള ദിവസങ്ങളില്‍ ജോലിക്കു പോകാതെ മണിക്കൂറുകളോളം ടിവിക്കു മുന്നില്‍ ഇരിക്കുന്നവര്‍ ‍, ക്ലാസ്സുകളില്‍ പോകാതെ ടിവിക്കു മുന്നില്‍ ഇരിക്കുന്ന കുട്ടികള്‍ ഇതൊക്കെ ഇന്ത്യയുടെ ഒരു വികാരത്തിന്റെ അനന്തര ഫലമായിരുന്നു. ഈ അവസ്ഥയ്ക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. അടുത്ത കാലത്തായി ടെലിവിഷനിലൂടെ ക്രിക്കറ്റു കാണുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായെന്നാണ് കണക്ക്.

 

2008-ല്‍ വീക്ക്ലി ഗ്രോസ് റേറ്റിംഗ് പോയിന്റ് 105 ആയിരുന്നത് 2014 ആയപ്പോഴേക്കും 61 ആയി കുറഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്പോര്‍ട്ട്സ് അസോസിയേഷനുകളില്‍ ഒന്നായ ബി.സി.സി.ഐ.-യുടെ വരുമാനത്തിലും ഇത് വന്‍ കുറവുണ്ടാക്കി. സച്ചിന്‍ ഉള്‍പ്പെടെയുള്ള ചില സൂപ്പര്‍ താരങ്ങളുടെ വിരമിക്കലും ക്രിക്കറ്റിന്റെ സ്വീകാര്യതയ്ക്കു മങ്ങലേല്‍പ്പിച്ചുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് പ്രേമികളുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ ‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

 

ഇപ്പോള്‍ ക്രിക്കറ്റിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ പുതിയ ലീഗുകള്‍ തുടങ്ങിയ ഫുട്ബോള്‍ ‍, ഹോക്കി, ടെന്നീസ്, ബാഡ്മിന്റണ്‍ ‍, കബഡി തുടങ്ങിയവയ്ക്ക് മാര്‍ക്കറ്റ് കൂടി. മാത്രമല്ല ക്രിക്കറ്റ് താരങ്ങളെ വച്ച് പരസ്യമെടുക്കുവാന്‍ വന്‍കിടകമ്പനികള്‍ക്ക് ഇപ്പോള്‍ താല്‍പ്പര്യമില്ലാത്ത അവസ്ഥയാണ്. 2013-14-ല്‍ കളിക്കാര്‍ക്ക് നല്‍കിയരുന്ന ലാഭവിഹിതം 11 കോടിയായി കുറഞ്ഞു. അതിനു മുമ്പത്തെ വര്‍ഷം 49 കോടിയായിരുന്നു ലാഭം.

 

ടെസ്റ്റിന്റെ സ്വീകാര്യതയില്‍ 17.5 ശതമാനവും ഏകദിനത്തിന് 20 ശതമാനവും ട്വന്റി 20-ക്ക് 1 ശതമാനവുമാണ് 2008 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളെ അധികരിച്ച് നടത്തിയ പഠനത്തില്‍ കുറവു കണ്ടെത്തിയത്. ഓര്‍ക്കണേ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദൈവീക പരിവേഷം വരെ നല്‍കിയ നാട്ടിലെ സ്ഥിതി. ഏതു കളിയോടും ആരാധന നന്നല്ല. ആസ്വാദനം മാത്രം മതി.ആരാധനയ്ക്കു യോഗ്യന്‍ കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്.

Leave a Reply

Your email address will not be published.