ഉപ്പിന്റെ ഉപയോഗം ശ്രദ്ധിച്ചു വേണം

Health

ഉപ്പിന്റെ ഉപയോഗം ശ്രദ്ധിച്ചു വേണം
ഒരു വ്യക്തിയുടെ ശരീരത്തില്‍ ദിവസവും അറിഞ്ഞോ അറിയാതെയോ ധാരാളം അളവില്‍ ഉപ്പിന്റെ അംശം എത്തുന്നു. അത് 18 മുതല്‍ 20 ഗ്രാം വരെയാണ് പലരുടെയും ശരീരത്തിലെത്തുന്നത്.

ബേക്കറി സാധനങ്ങള്‍ ‍, അച്ചാറുകള്‍ ‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായി കഴിക്കുന്നവരിലാണ് ഉയര്‍ന്ന അളവില്‍ ഉപ്പ് എത്തുന്നത്. ചിലര്‍ പാകം ചെയ്യുന്ന ആഹാര സാധനങ്ങളിലും അമിതമായി ഉപ്പ് അടങ്ങിയിരിക്കുന്നു.

ലോകാരോഗ്യ സംഘടന പറയുന്നു ഒരു ടീ സ്പൂണ്‍ ഉപ്പു മാത്രമാണ് ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായുള്ളത്. അതായത് 5 ഗ്രാം. ഒരു സ്പൂണ്‍ ഉപ്പില്‍നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസ്സുള്ള കുഞ്ഞിന് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2-3 വയസാകുമ്പോള്‍ 2 ഗ്രാം, 6-7 വയസാകുമ്പോള്‍ 3 ഗ്രാം, കൌമാരപ്രായം മുതല്‍ 5 ഗ്രാം, നന്നായി അദ്ധ്വാനിച്ചു വിയര്‍ക്കുന്നവര്‍ക്കുപോലും ദിവസവും 6 ഗ്രാമില്‍ താഴെ ഉപ്പു മതിയാകും. അത്ലറ്റുകള്‍ ‍, കായിക താരങ്ങള്‍ എന്നിവര്‍ക്ക് കുറച്ചുകൂടി ആകാം. കാരണം അവര്‍ നന്നായി വിയര്‍ക്കുന്നവരാണ്.

ഉപ്പു കഴിച്ചാല്‍ രക്ത സമ്മര്‍ദ്ദം പെട്ടന്നു കൂടുന്നു. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍നിന്നും കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടപ്പെടും. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. സോഡിയം ശരീരത്തിനു ആവശ്യം വേണ്ട ധാതുവാണ്. എല്ലാ ഭക്ഷ്യ വസ്തുക്കളിലും സോഡിയം അടങ്ങിയിട്ടുണ്ട്. നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയം അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് നിയന്ത്രിക്കുന്നത് പൊട്ടാസ്യമാണ്. പൊട്ടാസ്യം ലഭിക്കുന്നത് പച്ചക്കറികളില്‍നിന്നും പഴവര്‍ഗ്ഗങ്ങളില്‍നിന്നുമാണ്. സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചു നിര്‍ത്തും. അതായത് രക്തത്തിലെ വെള്ളത്തിലെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോള്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുവാന്‍ ശ്രമിക്കുക

സ്ട്രോക്ക് എന്ന രോഗം ഇന്നു സര്‍വ്വ സാധാരണമായിരിക്കുന്നു. സ്ട്രോക്ക് ഇപ്പോള്‍ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടു വരുന്നത്. സ്ട്രസ്സ്, നിയന്ത്രണമില്ലാത്ത രക്ത സമ്മര്‍ദ്ദം, അമിത വണ്ണം, മരുന്നുകള്‍ കൃത്യ സമയത്തു കഴിക്കാത്ത അവസ്ഥ ഇതെല്ലാം അടുത്ത കാലത്തു സ്ത്രീകളില്‍ സ്ട്രോക്കു സാദ്ധ്യത കൂട്ടുന്നു. ഉപ്പ് അധികമായാല്‍ ബി.പി. കൂടും. ബി.പിയ്ക്കും സ്ട്രോക്കിനും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുക.

ഉപ്പ് തുറന്നു വെയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും.
ഉപ്പ് അടുപ്പിനടുത്ത് വെയ്ക്കരുത്. ചൂടു തട്ടിയാല്‍ അയഡിന്‍ നഷ്ടപ്പെടും.