ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്ന കേസ്, പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി
ലാഹോര്‍ : പാക്കിസ്ഥാനില്‍ ഖുറാനെ നിന്ദിച്ചുവെന്ന വ്യാജ കുറ്റം ആരോപിച്ച് ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്ന കേസില്‍ 59 പേര്‍ക്ക് എതിരെ തീവ്രവാദ വിരുദ്ധ കോടതി കുറ്റം ചുമത്തി.
കഴിഞ്ഞ നവംബറില്‍ പഞ്ചാബ് പ്രവശ്യയിലെ കസൂര്‍ ജില്ലയില്‍ ഷഹ്സാദ് മസിഹ് (35) ഗര്‍ഭിണിയായ ഭാര്യ സിയമ എന്ന ഷമാഹ് ബീബി (31) എന്നിവരെ കോപാകുലരായ ഒരു സംഘം മുസ്ളീങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. ഒരു ഇഷ്ടികച്ചൂളയില് ജോലിക്കാരായിരുന്നു ദമ്പതികള്‍ .
കൂലി സംബന്ധിച്ചു ചൂള ഉടമയുമായി തര്‍ക്കിച്ചിരുന്നു. ഇതില്‍ രോക്ഷം പൂണ്ട ഉടമ ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചിട്ട് ഒരു മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് അടുത്തുള്ള മുസ്ളീം പള്ളിയില്‍ വിവരം അറിയിച്ചു. ഷഹ്സാദും ഭാര്യയും ഖുറാനെ നിന്ദിച്ചുവെന്ന് മുസ്ളീം പുരോഹിതന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
വിവരം അറിഞ്ഞ ജനക്കൂട്ടം പാഞ്ഞെത്തി ഇരുവരേയും ചുട്ടുകരിക്കുകയായിരുന്നു. കേസ്ന്വേഷിച്ച മനുഷ്യാവകാശ കമ്മീഷന് ഖുറാനെ നിന്ദിച്ചതിനു തെളിവില്ലെന്നു കണ്ടെത്തിയിരുന്നു. മുസ്ളീം പുരോഹിതനും, ചൂളയുടമയും അടക്കം 59 പേര്‍ക്കെതിരായാണ് കോടതി കുറ്റം ചുമത്തിയിച്ചുള്ളത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഷഹ്സാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 50 ഏക്കര്‍ സ്ഥലവും 50 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്കി. ദമ്പതികളുടെ മൂന്നു കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്തു.

