ചികിത്സയ്ക്കിടയില്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു ക്രിസ്ത്യന്‍ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി
ലണ്ടന്‍ : രോഗികളെ പരിശോധിക്കുന്നതിനിടയില്‍ വേദന അനുഭവിക്കുന്ന, മാനസികമായി തളര്‍ന്ന, ഉല്‍ക്കണ്ഠാകുലരായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യന്‍ ഡോക്ടര്‍ക്ക് ഒരു രോഗിയുടെ പരാതിയിന്മേല്‍ ജോലി നഷ്ടമായി.
ഇംഗ്ളണ്ടിലെ മാര്‍ഗേറ്റ് നഗരത്തിലെ ബഥേസ്ദ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ റിച്ചാര്‍ഡ് സ്ക്കോട്ടിനാണ് (58) രോഗികള്‍ക്ക് ഭൌതിക ചികിത്സയ്ക്കൊപ്പം ആത്മീയ ചികിത്സയും നല്‍കിയതിനു തന്റെ തൊഴില്‍ നഷ്ടമായത്.
സ്ക്കോട്ട് തന്റെ ഡ്യൂട്ടിക്കിടയില്‍ കഷ്ടതയും വേദനയും അനുഭവിക്കുന്ന രോഗികളെ മനസ്സിലാക്കി അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. പലര്‍ക്കും അത് ആശ്വസകരവുമാകുന്നു. എന്നാല്‍ സ്ക്കോട്ടിന്റെ പ്രാര്‍ത്ഥന ഇഷ്ടപ്പെടാതിരുന്ന ഒരു രോഗിയാണ് ആശുപത്രിയില്‍ പരാതി നല്‍കിയത്. ഡോക്ടറെ കുടുക്കാനായി പലരും രംഗത്തുവന്നു.
യു.കെ.യിലെ നാഷണല്‍ സെക്കുലര്‍ സൊസൈറ്റി എന്ന സംഘടന വിഷയം ഏറ്റെടുത്തു. സ്ക്കോട്ടിന്റെ പ്രാര്‍ത്ഥന പരാതിക്കാരനായ രോഗിക്ക് ആശ്വാസകരമല്ലെന്നും വികാരങ്ങളെ മുറിപ്പെടുത്തിയെന്നും ആരോപിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നു.
ഇതിനെത്തുടര്‍ന്ന് ജനറല്‍ മെഡിക്കല്‍ കൌണ്‍സില്‍ എന്ന സംഘടന അന്വേഷണത്തിനു ഉത്തരവിട്ടു. ഇതോടൊപ്പം യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി. പ്രാര്‍ത്ഥന മൂലം സ്വസ്ഥത നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേല്‍ ആശുപത്രി അധികൃതര്‍ ഡോക്ടറെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുകയുണ്ടായി.
ഇപ്പോള്‍ അന്വേഷണത്തെ നേരിടുകയാണ് രോഗികളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച ഡോക്ടര്‍ റിച്ചാര്‍ഡ് സ്ക്കോട്ട് എന്ന കര്‍ത്തൃദാസന്‍ .
രോഗികള്‍ക്ക് മനഃശാസ്ത്രപരമായ ധൈര്യം നല്‍കുക മാത്രമാണ് തന്റെ പ്രാര്‍ത്ഥനയിലൂടെ ലക്ഷ്യമിട്ടതെന്നും തന്നെ ഇഷ്ടപ്പെടാത്തവരാണ് പരാതിക്കു പിന്നിലെന്നും ഈ വിഷയത്തെ വലിയ ഒരു സംഭവമാക്കുകയും മനഃപൂര്‍വ്വമാക്കുകയുമാണെന്നും ഡോക്ടര്‍ സ്ക്കോട്ട് പറഞ്ഞു.
Comments are closed.