ഇഷ്ടികച്ചൂളയില്‍ അടിമവേല ചെയ്ത 287 ക്രൈസ്തവ കുടുംബങ്ങളെ മോചിപ്പിച്ചു
ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഇഷ്ടികച്ചൂളകളില്‍ അടിമവേല ചെയ്തുവന്ന 287 ക്രൈസ്തവ കുടുംബങ്ങളെ ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രി മോചിപ്പിച്ചു.
വീട്ടിലെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നു ഇഷ്ടിക മുതലാളിമാരില്‍നിന്നും പണം കടംവാങ്ങി തിരികെ നല്‍കുവാന്‍ പ്രാപ്തിയില്ലാത്തവരെ ഇഷ്ടികച്ചൂളകളില്‍ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന പ്രാകൃത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ബര്‍ണബാസ് ഫണ്ട് എന്ന മിഷണറി സംഘടനയാണ് ക്രൈസ്തവ കുടുംബങ്ങള്‍ ഇഷ്ടികച്ചൂള ഉടമകള്‍ക്കു നല്‍കാനുള്ള പണം സ്വരൂപിച്ച് നല്‍കി ക്രൈസ്തവരെ മോചിപ്പിച്ചത്.
പലരും മാസങ്ങളായി പുറംലോകം പോലും കാണാതെ ചൂളകളില്‍ കഠിന ജോലികളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇവരില്‍ ഭര്‍ത്താവും ഭാര്യയും കുട്ടികളുമടങ്ങുന്ന സംഘങ്ങളായാണ് കൂടുതല്‍ പേരും ജോലി ചെയ്യുന്നത്. അടിമപ്പണി ചെയ്യുന്നതതുമൂലം സ്വന്തം മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ കഠിന ജോലി ചെയ്താല്‍ മതിയായ ഭക്ഷണവും മരുന്നുപോലും കൃത്യമായി ലഭിച്ചിരുന്നില്ല ഇവര്‍ക്ക്.
കഠിന ജോലി കാരണം പലര്‍ക്കും രോഗങ്ങള്‍ വരെ പിടികൂടി. വെയില്‍ ഏറ്റും പൊടി ശ്വസിച്ചും തീരാരോഗികളായിത്തീര്‍ന്നു. ഇവരുടെ മക്കളെയും രോഗങ്ങള്‍ പിടികൂടിയിരിക്കുന്നു. ഇനിയും ഇത്തരത്തില്‍ 100 കുടുംബങ്ങളെക്കൂടി മോചിപ്പിക്കുവാന്‍ സംഘടന ശ്രമിച്ചു വരികയാണ്. നല്ല സാമ്പത്തിക ബാദ്ധ്യത വരുന്ന ഒരു ശുശ്രൂഷ കൂടിയാണിത്.
ഇഷ്ടികച്ചൂളയ്ക്കു പുറത്തിറങ്ങിയ വിശ്വാസികള്‍ ദൈവത്തിനു നന്ദി പറഞ്ഞു. പലരുടെയും മുഖത്ത് പ്രസന്നത നിറഞ്ഞു. സന്തോഷത്താല്‍ പലരും കരയുന്നുണ്ടായിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ , ഇവരുടെ സാമ്പത്തിക ന്യൂനതകള്‍ മുതലാക്കി പണം മുന്‍കൂറായി നല്‍കി ഇഷ്ടികച്ചൂളകളില്‍ എത്തിച്ചു കഠിന ജോലി ചെയ്യിക്കുകയാണ് പതിവ്. ഇതിനായി പ്രവര്‍ത്തിക്കുന്ന ശൃംഖലകള്‍തന്നെയുണ്ട്.
Comments are closed.