രാവിലെ പാക്കിസ്ഥാന് തണല് നല്കുന്നു; ഉച്ച കഴിഞ്ഞ് ഇന്ത്യയ്ക്ക്, അതിര്ത്തി തൂണായി ആല്മരം
ഇന്ത്യാ-പാക്കിസ്ഥാന് അതിര്ത്തി എന്നത് വളരെ സൂഷ്മകരവും ശ്രദ്ധാകേന്ദ്രവുമാണ്. എപ്പോഴും ജാഗ്രതയോടെ പരിപാലിക്കുന്ന ഇടങ്ങള്.
എന്നാല് കൌതുകകരവും അതിനേക്കാള് ആദരണീയവുമായ ഒരു വൃക്ഷം തന്നെ ഇരു രാജ്യങ്ങളുടെയും അതിര്ത്തി നിശ്ചയിക്കുന്നു.
ലോകത്ത് തന്നെ അപൂര്വ്വമായ കാഴ്ച. ജമ്മു നഗരത്തില്നിന്ന് 28 കിലോമീറ്റര് അകലെയുള്ള സുചേത്ഗഡ് ഗ്രാമത്തിലുള്ള ഒരു ആല്മരമാണിത്. അതിന്റെ ചരിത്രം രസകരമാണ്.
ബിഎസ്എഫ് നിയന്ത്രിക്കുന്ന ഈ മേഖലയില് 1947-ല് റാഡ്ക്ളിഫ് ലൈന് അനുസരിച്ച് സ്ഥാപിച്ച കോണ്ക്രീറ്റ് തൂണുകളുണ്ട്. ഇവിടെയാണ് പില്ലര് 918 നിലനിന്നിരുന്നത്.
അതിനു തൊട്ടടുത്തായി വളര്ന്ന ഒരു ആല്മരം പതിറ്റാണ്ടുകള്കൊണ്ട് ആ കോണ്ക്രീറ്റ് തൂണിനെ പൂര്ണ്ണമായും വിഴുങ്ങി. ആ മരം മുറിച്ചു മാറ്റുന്നതിനു പകരമായി ഇന്ത്യന് ബിഎസ്എഫും പാക്കിസ്ഥാന് റേഞ്ചേഴ്സും ചേര്ന്ന് ഒരു അപൂര്വ്വ തീരുമാനത്തിലെത്തി.
ആ ആല്മരത്തെത്തന്നെ അതിര്ത്തിയായി അംഗീകരിക്കുക. ഈ മരത്തിന്റെ പകുതി ഇന്ത്യയിലും പകുതി പാക്കിസ്ഥാനിലുമാണ്.
ഇതിന്റെ മൂന്നു പ്രധാന ശാഖകള് ഇന്ത്യയിലും രണ്ടെണ്ണം പാക്കിസ്ഥാനിലുമായി പടര്ന്നു നില്ക്കുന്നു. രാവിലെ പാക്കിസ്ഥാന് തണല് നല്കുന്നു. ഉച്ചകഴിഞ്ഞ് ഇന്ത്യയ്ക്ക് തണലേകുന്നു.
അതിര്ത്തി രക്ഷാ സേനകള് തമ്മിലുള്ള ഫ്ളാഗ് മീറ്റിംഗുകള് നടത്തുന്നത് ഈ മരത്തണലിലാണ്.
ആരോടും പക്ഷപാതം കാണിക്കാത്ത ജീവനുള്ള അതിര്ത്തി തൂണ് കാണാന് നിരവധി ആളുകളാണ് എത്തുന്നത്.

