‘ദി റെസറെക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു, യേശുവിന്റെ വേഷം ജാക്കോ ഓഹ്ടോണന്
വിഖ്യാതമായ ക്രിസ്ത്യന്‍ ചലച്ചിത്രം ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ന്റെ രണ്ടാം ഭാഗമായ ദി റെസറെക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ന്റെ ചിത്രീകരണം ആരംഭിച്ചു.
ജിം കാവിസെലിനു പകരം യേശുവിന്റെ വേഷം ധരിക്കുന്നത് ഫിന്നിഷ് നടന്‍ ജാക്കോ ഓഹ്ടോണനാണ്. കഴിഞ്ഞ ആഴ്ച റോമിലെ സിനിസിറ്റ സ്റ്റുഡിയോയില്‍ നിര്‍മ്മാണം ആരംഭിച്ചു.
അവിടെയാണ് മെല്‍ ഗിബ്സന്റെ ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2004-ല്‍ ചിത്രീകരിച്ചതും. ആ ചിത്രം ലോകമെമ്പാടും 610 മില്യണ്‍ ഡോളര്‍ വരുമാനം നേടിയതായും ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സ്വതന്ത്ര ചിത്രങ്ങളില്‍ ഒന്നായും മാറി.
ലയണ്‍സ്ഗേറ്റ് സ്റ്റുഡിയോ പങ്കാളിയായി ഐക്കണ്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ഗിബ്സണും ബ്രൂസ് ഡേവിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ പ്രൊജക്ട് 2027-ല്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും.
മഗ്ദലക്കാരി മറിയയായി മോണിക്ക ബെല്ലാച്ചിക്കു പകരം ക്യൂബന്‍ നടി മരിയേല ഗാരിന അഭിനയിക്കും. യേശുവിന്റെ അമ്മ മറിയയായി മായമോര്‍ഗണ്‍ഡേറ്റണിനു പകരം കാസിയ സ്മട്നിയക്കും വേഷമിടുന്നു.
പത്രോസായി ഇറ്റാലിയന്‍ നടന്‍ പിയര്‍ ലുയാജി പാപിനോയും പീലാത്തോസായി റിക്കാര്‍ഡോ സ്കാമര്‍ഡിയോയും വേഷമിടുന്നു. ക്രിസ്തുവിന്റെ ക്രൂശ്മരണത്തിനു മൂന്നു ദിവസത്തിനുശേഷമാണ് തുടര്‍ഭാഗം നടക്കുന്നത്.

