ശീതള പാനീയങ്ങള്‍ക്ക് ഒആര്‍എസ് ലേബല്‍ വിലക്കി
ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഓറല്‍ റിഹൈഡ്രേഷന്‍ സൊല്യൂഷനുകള്‍ (ഒആര്‍എസ്) ഉണ്ടെന്ന് കാണിച്ച് വില്‍പ്പന നടത്തുന്നതിനു ദേശീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി (എഫ്എസ്എസ്എഐ) വിലക്കേര്‍പ്പെടുത്തി.
ഹൈദരാബാദ് സ്വദേശിയായ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ശിവരഞ്ജിനി സന്തോഷ് 8 വര്‍ഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ തീരുമാനം.
ഒആര്‍എസ് എന്ന വ്യാജേന പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ വില്‍ക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ ഒരു ഭക്ഷ്യ ബ്രാന്‍ഡും അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഒആര്‍എസ് എന്ന പദം ഉപയോഗിക്കാന്‍ പാടില്ലെന്ന് എഫ്എസ്എസ്എഐ ഉത്തരവ് പുറപ്പെടുവിച്ചു.
പായ്ക്ക് ചെയ്ത ശീതള പാനീയങ്ങള്‍ അടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഒആര്‍എസ് എന്ന് ഉപയോഗിക്കുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിന്റെയും അനുബന്ധ ചട്ടങ്ങളുടെയും ലംഘനമാണെന്ന് എഫ്എസ്എസ്എഐ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍, അവ്യക്തമായും തെറ്റായതുമായ പേരുകള്‍ എന്നിവ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും അത് നിയമത്തിന് കീഴിലുള്ള ഒന്നിലധികം വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

