മൈക്രോപ്ളാസ്റ്റിക് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ വരെ എത്തുന്നതായി പഠനം
പ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യം എത്തപ്പെടാത്ത ഒരിടവും ഇല്ലെന്നു സമീപകാല വസ്തുതകള്‍ നമ്മെ ഓര്‍പ്പിക്കുന്നു. മൈക്രോപ്ളാസ്റ്റിക് എന്ന അതിസൂഷ്മ പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പ്ളാസെന്റയും മറികടന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ മുതലുള്ള സുപ്രധാന ശരീരഭാഗങ്ങളില്‍വരെ എത്തുന്നുണ്ടെന്ന് ശാസ്ത്രജഞരുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
ഗര്‍ഭിണിയില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് മൈക്രോപ്ളാസ്റ്റിക് കൈമാറ്റപ്പെടുമെന്നും തല, ഹൃദയം, ശ്വാസകോശം തുടങ്ങിയവയ്ക്ക് ദോഷം വരുത്തുമെന്നും യു.എസ്. ന്യൂജഴ്സിയിലെ റട്ടഗേഴ്സ് സര്‍വ്വകലാശാലയില്‍ നടന്ന പഠനം മുന്നറിയിപ്പു നല്‍കുന്നു.
പോളിമൈഡ് – 12 (പിഎ-12) എന്ന മൈക്രോപ്ളാസ്റ്റിക്കുമായി ഗര്‍ഭിണിയായ പരീക്ഷണ എലിക്ക് സമ്പര്‍ക്കം സൃഷ്ടിച്ചപ്പോള്‍ അതിന്റെ ഗര്‍ഭസ്ഥ ശിശുവിന്റെ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്ക, തലച്ചോര്‍ എന്നിവയിലെല്ലാം പോളിമൈഡ്-12 കണ്ടെത്തി. അഞ്ചു മില്ലീമീറ്ററില്‍ താഴെമാത്രം വലിപ്പമുള്ള പ്ളാസ്റ്റിക് തരികളാണ് മൈക്രോപ്ളാസ്റ്റിക്.
ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിലുമെല്ലാം ഇതുണ്ട്. ശ്വാസകോശം വഴിയും ആമാശയം വഴിയുമെല്ലാം മൈക്രോപ്ളാസ്റ്റിക് ശരീരത്തിലെത്തും. കോശാവരണങ്ങള്‍ മറികടന്ന് രക്തത്തില്‍ കലരുകയും അതുവഴി നിര്‍ണ്ണായക ആന്തരിക അവയവങ്ങളിലെത്തുകയും ചെയ്യുന്നു.
ഭാവിയില്‍ ഇത് ശരീര വീക്കവും പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്ന സ്ഥിതിക്കും ഇടയാക്കുന്നു. ഒട്ടുമിക്ക മൈക്രോപ്ളാസ്റ്റിക്കിലും ഫാലെറ്റ്സ്, ബിസ്ഫിനോള്‍ തുടങ്ങിയ രാസവസ്തുക്കളും ഉണ്ടാകും.
ഇവ വളര്‍ച്ച, ഉപാപചയ പ്രത്രീയ, പ്രത്യുല്‍പ്പാദന സംവിധാനം, ബുദ്ധി വികാസം തുടങ്ങിയ കുട്ടികളുടെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

