മക്കള്‍ സംരക്ഷിക്കുന്നില്ല; സ്വത്ത് മുഴുവനും വളര്‍ത്തു മൃഗങ്ങള്‍ക്ക് എഴുതിവച്ച് വൃദ്ധ
ബീജിംഗ്: മക്കള്‍ തന്നെ സംരക്ഷിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യാത്തതിന് വൃദ്ധ മാതാവ് 28 ലക്ഷം ഡോളര്‍ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ വളര്‍ത്തു മൃഗങ്ങളുടെ പേരില്‍ എഴുതി വച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം.
ലിയു എന്ന സ്ത്രീയാണ് തന്റെ സ്വത്തിന്റെ അവകാശികളായി വീട്ടിലെ വളര്‍ത്തു നായകളെയും പൂച്ചകളെയും പ്രഖ്യാപിച്ചത്. തന്റെ മൂന്നു മക്കളുടെ പേരിലായിരുന്നു ലിയു ആദ്യം തന്റെ സ്വത്തുക്കളും സമ്പാദ്യവും എഴുതിവച്ചിരുന്നത്.
എന്നാല്‍ രോഗബാധിതയായി കിടന്നപ്പോള്‍ മക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്നും വളര്‍ത്തുമൃഗങ്ങളുടെ സ്നേഹം പോലും അവര്‍ തന്നില്ലെന്നും ലിയു പറയുന്നു.
വളര്‍ത്തു മൃഗങ്ങള്‍ തന്നോടു കാണിച്ച സ്നേഹമാണ് ജീവിതത്തിലേക്കു തിരികെയെത്താന്‍ കാരണമായതെന്നു അവര്‍ ചൂണ്ടിക്കാണിക്കുന്നു.
തന്റെ മരണശേഷം സമ്പത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും അവയുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാന്‍ വിശദമായ വില്‍പത്രം ലിയു തയ്യാറാക്കി വച്ചിരിക്കുകയാണ്.
ചൈനയില്‍ മൃഗങ്ങളുടെ പേരില്‍ നേരിട്ട് സ്വത്ത് എഴുതിവയ്ക്കുന്നതില്‍ നിയമ തടസ്സമുള്ളതിനാല്‍ വീടിനു സമീപത്തെ ഒരു വെറ്റിനറി ക്ളിനിക്കിന് മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ലിയു.