യു.എസില്‍ യഹൂദ സിന്നഗോഗില്‍ കൂട്ടക്കൊലയ്ക്കൊരുങ്ങിയ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ
ഒഹിയോ: യു.എസില്‍ യഹൂദന്മാരുടെ സിന്നഗോഗില്‍ വെടിവെയ്പു നടത്തി കൂട്ടക്കൊലയ്ക്കു പദ്ധതിയിട്ട് അറസ്റ്റിലായ 13 കാരന് സാന്‍മാര്‍ഗ്ഗിക ശിക്ഷ വിധിച്ച് ജഡ്ജി.
ഒഹിയോയിലെ കാന്റണില്‍ യഹൂദ സിന്നഗോഗില്‍ ആക്രമണം നടത്തി യഹൂദരെ കൂട്ടക്കൊല ചെയ്യാന്‍ ഒരുങ്ങിയ ആണ്‍കുട്ടിയെ സ്റ്റാര്‍ക്ക് കൌണ്ടി ഷെരിഫിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റു ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നുള്ള കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഈ കുട്ടി തന്റെ കുറ്റം സമ്മതിച്ചിരുന്നു. സ്റ്റാര്‍ക്ക് കൌണ്ടി ഫാമിലി കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ (പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരു വിവരം പുറത്തുവിട്ടിട്ടില്ല) നേരത്തെ പരിഭ്രാന്തി സൃഷ്ടിക്കുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റം എന്നീ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
കോടതിയില്‍ ജഡ്ജി ജിം ജെയിംസ് കുട്ടിക്ക് ഒരു വര്‍ഷത്തെ പ്രൊബോഷന്‍ ശിക്ഷയ്ക്ക് വിധിച്ചു. സാന്‍മാര്‍ഗ്ഗിക ശിക്ഷയായി രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹംഗറിയിലെ ആയിരക്കണക്കിനു യഹൂദരെ നാസി കൂട്ടക്കൊലയില്‍നിന്നു രക്ഷിച്ച സ്വിസ് നയതന്ത്രജ്ഞനായ കാള്‍ ലൂട്ട്സിനെക്കുറിച്ച് എഴുതിയ ഒരു പുസ്തകത്തിന്റെ റിപ്പോര്‍ട്ട് എഴുതി സമര്‍പ്പിക്കാന്‍ കുട്ടിയോട് ജഡ്ജി നിര്‍ദ്ദേശിച്ചു. മാത്രമല്ല, കുട്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല എന്നു ഉറപ്പു വരുത്താനും കൌണ്‍സിലിംഗ് തുടരാനും ജഡ്ജി ഉത്തരവില്‍ പറയുന്നു.
1944-ല്‍ ബുഡാപെസ്റ്റില്‍ നാസി അധിനിവേശത്തിന്‍ കീഴിലുള്ള ആയിരക്കണക്കിന് യഹൂദ കുടുംബങ്ങള്‍ക്ക് ക്രെഡന്‍ഷ്യലുകള്‍ നല്‍കി ലുട്സ് അന്ന് 62,000 യഹൂദരെ രക്ഷിച്ചതായാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
കുട്ടി ചില കടുത്ത യഹൂദവിരുദ്ധ പൊളിറ്റിക്കല്‍ ഗ്രൂപ്പുകളുടെ ഓണ്‍ലൈന്‍ ചാനലുകളില്‍ ഓണ്‍ ഡിസ്കോര്‍ഡിന്റെ ഭാഗമായി നിരവധി യഹൂദ വിരുദ്ധ പോസ്റ്റുകള്‍ ചെയ്തു എന്ന് സ്റ്റാര്‍ക്ക് കൌണ്ടി ഷെരിഫ് കണ്ടെത്തുകയും എഫ്ബിഐയുടെ നാഷണല്‍ ത്രെറ്റ് ഓപ്പറേഷന്‍സ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
വിദ്വേഷവും അക്രമാസക്തവുമായ തീവ്രവാദ പ്ളാറ്റ്ഫോമില്‍ സജീവമായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

