കാലാവസ്ഥ ആകെ തകിടം മറിഞ്ഞു; കേരളത്തില്‍ ഏതു മാസവും മഴയും വേനലും സംഭവിക്കാമെന്ന് പഠനം

കാലാവസ്ഥ ആകെ തകിടം മറിഞ്ഞു; കേരളത്തില്‍ ഏതു മാസവും മഴയും വേനലും സംഭവിക്കാമെന്ന് പഠനം

Breaking News Kerala

കാലാവസ്ഥ ആകെ തകിടം മറിഞ്ഞു; കേരളത്തില്‍ ഏതു മാസവും മഴയും വേനലും സംഭവിക്കാമെന്ന് പഠനം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പതിവു അന്തരീക്ഷത്തിനു മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും ഇവിടെ പേമാരിയും മിന്നലാക്രമണവും ഉണ്ടാകാം.

വേനലും അതി കഠിനമാകാം. ലോകത്തെ വിവിധ പഠനങ്ങള്‍ ആധാരമാക്കി ഐപിസിസി (ഇന്റര്‍നാഷണല്‍ പ്രോട്ടോകോള്‍സ് ഓഫ് ക്ളൈമറ്റ് ചെയ്ഞ്ച്) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുകള്‍. അടുത്ത കാലങ്ങളിലായി കാലാവസ്ഥ മാറുന്നുണ്ട്. ഈ മാറ്റം തീവ്രമാകും.

പത്തു വര്‍ഷം കഴിയുമ്പോള്‍ ഇപ്പോഴത്തെ കാലാവസ്ഥാ സ്ഥിതി അല്ലായിരിക്കും സംഭവിക്കുക. ഇപ്പോള്‍ അടിക്കടി പെയ്യുന്ന മഴയും പെട്ടന്ന് ഉയരുന്ന അന്തരീക്ഷ ഉഷ്മാവും ഇത് ശരിവയ്ക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പഠനങ്ങളും അടിവരയിടുന്നു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്സൈഡ് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് കാലാവസ്ഥാ മാറ്റത്തിനു പ്രധാന കാരണം. സുരക്ഷിത അളവ് 300 പിപിഎം (പാര്‍ട്ട്സ് പെര്‍ മില്യണ്‍) ആണ്. അതിപ്പോള്‍ 412 ആയി ഉയര്‍ന്നു.

കാര്‍ബണ്‍ഡൈഓക്സൈഡ് കൂടുമ്പോള്‍ അന്തരീക്ഷ താപം കൂടും. ജലാശയങ്ങളില്‍ കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് കലരുമ്പോള്‍ വെള്ളത്തിന്റെ പിഎച്ച് മൂല്യം കുറഞ്ഞ് അസിഡിറ്റി കൂടും.

ഓക്സിജന്‍ കുറയും. കടലില്‍നിന്ന് മീഥെയ്ന്‍ വാതകവും നൈട്രഡ് ഓക്സൈഡും അന്തരീക്ഷത്തില്‍ കലരും. കൈര്‍ബണ്‍ഡൈഓക്സൈഡ് കൂടുന്നതിനേക്കാള്‍ പത്തു മടങ്ങാണ് ഇതിന്റെ ദൂഷ്യമെന്ന് കുസാറ്റ് പഠനം വ്യക്തമാക്കുന്നു.

കാലാവസ്ഥ മാറുമ്പോള്‍ കൃഷി രീതിയും മാറും. ആഗോള തലത്തിലെ മാറ്റം തന്നെയാണ് കേരളത്തിലെയും മാറ്റം. ഇതുമൂലം കൃഷിയെമാത്രമല്ല, വരുമാനമേറെയുള്ള ടൂറിസത്തെയും ബാധിക്കും.

കുസാറ്റിലെ ഡോ. അഭിലാഷ്, ഡോ. ബിജോയ് നന്ദന്‍, ഡോ. ഷാജു എസ്.എസ്. എന്നിവരാണ് പഠനങ്ങള്‍ നടത്തിയത്. അറബിക്കടലില്‍ മുമ്പ് ചുഴലിക്കാറ്റ് നാമമാത്രമായിരുന്നു.

എപ്പോള്‍ വേണമെങ്കിലും ചുഴലിക്കാറ്റ് രൂപപ്പെടുന്ന സ്ഥിയാണിപ്പോള്‍. കടലിലെ മാറ്റങ്ങളാണ് ഇതിനു കാരണമെന്ന് ഗോരഖ്പൂര്‍ ഐഐടിയുടെ പഠനത്തിലും വ്യക്തമായിരുന്നു.