ഗര്‍ഭാശയ ക്യാന്‍സര്‍ : ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍
ഏഷ്യയില്‍ ഏറ്റവും അധികം ഗര്‍ഭാശയ ക്യാന്‍സര്‍ രോഗികളുള്ളത് ഇന്ത്യയില്‍ . ചൈനയാണ് രണ്ടാം സ്ഥാനത്ത്.
ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ നിരക്ക് ഇന്ത്യയിലും ചൈനയിലും യഥാക്രമം 23 ശതമാനവും 17 ശതമാനവുമാണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് സ്ത്രീകളില്‍ ഏറ്റവും സാധാരണയായി ബാധിക്കുന്ന ക്യാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ . ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും. ആഗോളതലത്തില്‍ 2020-ല്‍ മാത്രം 604127 ഗര്‍ഭാശയ ക്യാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,41,831 മരണങ്ങളും ഉണ്ടായി. മൊത്തം കേസുകളില്‍ 21 ശതമാനവും ഇന്ത്യയിലായിരുന്നു.
ലോകത്ത് ഗര്‍ഭാശയ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ 51 ശതമാനവും ഏഷ്യയില്‍ ആണെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ 10 ശതമാനം ഗര്‍ഭാശയ ക്യാന്‍സര്‍ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒരു ലക്ഷത്തില്‍ 18 പേര്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കുന്നു.
2020-ല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ കേസുകളുടെ നിരക്ക് പ്രതിവര്‍ഷം ഒരു ലക്ഷം സ്ത്രീകള്‍ക്ക് 13 ആയിരുന്നു. മരണ നിരക്ക് ഏഴും.
പഠന വിധേയമാക്കിയ 185 രാജ്യങ്ങളില്‍ 172 എണ്ണത്തിലും കേസുകളുടെ നിരക്ക് പ്രതിവര്‍ഷം ഒരുലക്ഷം സ്ത്രീകള്‍ക്ക് നാലിലധികം കേസുകള്‍ എന്ന നിലയില്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

