ഉറുമ്പിന്റെ മുഖം കണ്ടിട്ടുണ്ടോ? കാണാത്തത് നമ്മുടെ ഭാഗ്യം
നമ്മുടെ വീട്ടിനകത്തും പുറത്തും അവകാശികളേപ്പോലെ വാഴുന്ന കുഞ്ഞന്‍ ജീവികളാണ് ഉറുമ്പുകള്‍ . ദിവസവും ഒന്നിനെയെങ്കിലും അറിയാതെയെങ്കിലും ചവിട്ടി മെതിക്കുന്നവരാണ് മനുഷ്യന്‍ .
നമ്മുടെ ജീവിതത്തിന്റെ സഹജീവിയായ ഉറുമ്പുകളുടെ മുഖത്തിന്റെ രൂപം ആരെങ്കിലും ഇതുവരെ നഗ്ന നേത്രങ്ങള്‍കൊണ്ട് കണ്ടിട്ടുണ്ടോ? ഇല്ലെന്നുതന്നെ പറയാം.
ഇത്രയും സുപരിചിതമായ ഈ ചെറു ജീവിയുടെ മുഖം കാണാത്തതുതന്നെ ഒരു ഭാഗ്യം എന്നു കരുതിയാല്‍ മതി. അതിനു കാരണം അത്രയ്ക്കു ഭയാനകമായ ഭീകരരൂപമാണ് ഇവറ്റകളുടെ മുഖ രൂപം എന്നാണ് ഇപ്പോള്‍ സമൂഹത്തില്‍ വൈറലായ ഒരു ചിത്രം വ്യക്തമാക്കുന്നത്.
ഉറുമ്പിന്റെ മുഖത്തിന്റെ ക്ളോസപ്പ് ചിത്രം പകര്‍ത്തിയിരിക്കുകയാണ് ഒരു ലിത്വാനിയന്‍ ഫോട്ടോഗ്രാഫര്‍ . ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഭയം തോന്നുന്ന അതിക്രൂരഭാവത്തോടെയാണ് ഉറുമ്പിനെ ചിത്രത്തില്‍ കാണുന്നത്.
ഈ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. 2022 നിക്കോന്റെ സ്മോള്‍ വേള്‍ഡ് ഫോട്ടോ മൈക്രോഗ്രാഫി മത്സരത്തില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ യൂജെനിജസ് കവാലിയാസ്കാസ് ആണ് ഉറുമ്പിന്റെ ഫോട്ടോ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്.
മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത കാഴ്ചകള്‍ അവതരിപ്പിക്കുന്നതിനും മൈക്രോസ്കോപ്പ് ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ മത്സരം കഴിഞ്ഞ 48 വര്‍ഷമായി നടത്തി വരുന്നത്.
മത്സരത്തില്‍ തിരഞ്ഞെടുത്ത 57 ചിത്രങ്ങളില്‍ ഒന്നായിരുന്നു ഉറുമ്പിന്റെ മുഖചിത്രം. 35 ഡോളറാണ് ചിത്രത്തിന് സമ്മാനമായി ലഭിച്ചത്.

