ഗുജറാത്തില്‍ തീവ്ര ഹിന്ദുത്വ പ്രചരണവുമായി എഎപി
അഹമ്മദാബാദ്: സംഘപരിവാറിന്റെ കോട്ടയായ ഗുജറാത്തില്‍ ബിജെപിയെക്കാള്‍ തങ്ങള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയായി തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം.
ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഹിന്ദുത്വത്തിലൂന്നി സൌജന്യ വാഗ്ദാനപ്പെരുമഴ ഒരുക്കുകയാണ് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ .
മതേതരത്വവും ആദര്‍ശവുമൊക്കെ പറഞ്ഞ് ജനശ്രദ്ധ നേടി ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തില്‍ വന്ന എഎപി ഇപ്പോള്‍ ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തില്‍ സംഘപരിവാറിന്റെ അതേ ഇലക്ഷന്‍ തന്ത്രം പയറ്റുകയാണ്.
എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കണം എന്ന ലക്ഷ്യത്തോടെ ഗുജറാത്തുകാര്‍ക്ക് സൌജന്യ അയോധ്യ യാത്രയാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തില്‍ ഗുജറാത്തി ഭാഷയിലാണ് കെജരിവാള്‍ സംസാരിച്ചത്.
ആര്‍ .എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഏകീകൃത സിവില്‍ കോഡ് വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് കത്ത് അയച്ചത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഗുജറാത്തില്‍ എല്ലാ സീറ്റിലും എഎപി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്. എഎപി കോണ്‍ഗ്രസ് വോട്ടുകളിലാകും വിള്ളല്‍ വീഴ്ത്തുകയെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

