ഭാര്യയുടെ നിരന്തര മര്‍ദ്ദനം; 42 കാരന്‍ താമസിക്കുന്നത് പനയില്‍
കാണ്‍പൂര്‍ : ഭര്‍ത്താക്കന്മാരുടെ ആക്രമണങ്ങള്‍ ഭയന്ന് ഭാര്യമാര്‍ പല സ്ഥലങ്ങളിലും അഭയം തേടാറുണ്ട്. എന്നാല്‍ ഇതിനു നേരെ വിപരീതമായി ഒരു യുവാവ് ചെയ്ത കാര്യമാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
യു.പി.യിലെ മൌ ജില്ലയിലെ കോപഗഞ്ച് മേഖലയിലെ ഒരു യുവാവാണ് വാര്‍ത്ത സൃഷ്ടിച്ചത്. ഭാര്യയുടെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് രാം പ്രവേഷ് എന്ന 42 കാരന്‍ കഴിഞ്ഞ ഒരു മാസമായി 80 അടി ഉയരമുള്ള പനയിലാണ് താമസിക്കുന്നത്.
ഭാര്യ തന്നെ മര്‍ദ്ദിച്ചതായും ഇയാള്‍ ആരോപിച്ചു. ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരു മാസമായി പനയില്‍ കയറി അവിടെയാണ് രാംപ്രവേഷിന്റെ താമസം.
ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിനു സമീപം തൂക്കിയിടും. അയാള്‍ മുകളില്‍നിന്നും വലിച്ചെടുക്കും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. രാം പ്രവേഷ് രാത്രിയില്‍ കുറച്ചു സമയം മാത്രം മരത്തില്‍നിന്നു താഴെയിറങ്ങും.
മലമൂത്ര ചര്യകള്‍ കഴിഞ്ഞ് വീണ്ടും മരത്തിലേക്കു കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല, ഗ്രാമവാസികള്‍ പറയുന്നു.
തുടര്‍ന്നു ഗ്രാമവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. വിചിത്രമായ ഈ സംഭവം അറിഞ്ഞ് രാം പ്രവേഷിനെ കാണാന്‍ വിവിധ സ്ഥലങ്ങളില്‍നിന്നും ദിവസവും നിരവധി ആളുകള്‍ എത്താറുണ്ടെന്ന് ഇയാളുടെ പിതാവ് ശ്രീകൃഷ്ണന്‍ റാം പറയുന്നു.