ഗലീലയില്‍ 2,000 വര്‍ഷം മുമ്പുള്ള സിന്നഗോഗ് കണ്ടെത്തി
യെരുശലേം: യിസ്രായേലില്‍ പുരാതന യഹൂദ സിന്നഗോഗ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ഗലീല റീജണിലെ ഗലീല കടലിനു വടക്കു ഭാഗത്തുള്ള മിഗ്ദള്‍ നഗരത്തിലാണ് യഹൂദ ജനത്തിന്റെ പ്രാര്‍ത്ഥനാ കേന്ദ്രമായിരുന്ന സിന്നഗോഗ് വെളിച്ചം കണ്ടത്. ഇവിടെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ സ്ക്വയര്‍ ആകൃതിയിലുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ശിലകളും ചുണ്ണാമ്പുകല്ലും കൊണ്ട് നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിന്റെ നടുവില്‍ ഒരു വിശാലമായ ഹാളും ഇതിനോട് ചേര്‍ന്ന് രണ്ടു മുറികളും ഉണ്ട്. ഹാളിന്റെ ഭിത്തികള്‍ വെള്ളയും നിറങ്ങളും പൂശിയതായിരുന്നു. ഇവിടെത്തന്നെ കല്ലുകൊണ്ടു നിര്‍മ്മിച്ച ബെഞ്ചും ഉണ്ടായിരുന്നു. ഇതും പ്ളാസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചെറിയ മുറിയില്‍ യഹൂദന്മാരുടെ വിശുദ്ധ ഗ്രന്ഥമായിരുന്ന തോറ സൂക്ഷിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു. സിന്നഗോഗ് കണ്ടെത്തിയ പ്രദേശം മഗ്ദലക്കാരത്തി മറിയയുടെ ജന്മസ്ഥലമാണ്.
ഇവിടെ പരസ്യ ശുശ്രൂഷാ കാലത്ത് യേശുവും താമസിച്ചിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. മഗ്ദലക്കാരത്തി മറിയയും അവരുടെ കുടുംബവും ഈ സിന്നഗോഗില്‍ വന്നിരുന്നതായി സങ്കല്‍പ്പിക്കാമെന്ന് പുരാവസ്തു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ദിന അവഷാലേം ഗോര്‍ണി അഭിപ്രായപ്പെടുന്നു.
യേശു നിരവധി അത്ഭുതങ്ങളും ചെയ്ത പ്രദേശം കൂടിയാണിതെന്ന് ഗവേഷകര്‍ പറയുന്നു. മിഗ്ദലില്‍ ഇത് രണ്ടാമത്തെ സിന്നഗോഗാണ് വെളിച്ചം കാണുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 2009-ലാണ് ആദ്യത്തെ സിന്നഗോഗ് കെട്ടിടം കണ്ടെത്തിയത്.

