യേശു പ്രാര്‍ത്ഥിച്ച ഗെത്ത്ശെമനയില്‍ പുരാതന കുളം കണ്ടെത്തി
യെരുശലേം: യേശുവിന്റെ ഭൌമ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ രാത്രിയില്‍ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിച്ച ഒലിവു മലയ്ക്കു സമീപം ഗെത്ത്ശെമനയില്‍ യഹൂദന്മാര് മതാചാര ചടങ്ങിനായി കുളിക്കാന്‍ ഉപയോഗിച്ചിരുന്നു എന്നു കരുതപ്പെടുന്ന കുളം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ഇവിടത്തെ ഗെത്ശെമന ചര്‍ച്ചിന്റെ (ചര്‍ച്ച് ഓഫ് അഗണി) വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പണിക്കിടയില്‍ അസാധാരണമായ ആഴത്തിലുള്ള കുഴിയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഗവേഷകരെത്തി കൂടുതല്‍ പരിശോധന നടത്തുകയും മണ്ണുകള്‍ നീക്കം ചെയ്യുകയും ചെയ്തപ്പോഴാണ് താഴോട്ട് ഇറങ്ങാന്‍ പടിക്കെട്ടുകളോടുകൂടിയ വിശാലമായ കുളം കണ്ടെത്തിയത്.
പണ്ടു കാലത്ത് ഇവിടെ എണ്ണയോ വീഞ്ഞോ നിര്‍മ്മിച്ചിരുന്ന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായും അതുമായി ബന്ധപ്പെട്ട് ജോലിക്കാര്‍ക്ക് കുളിക്കാനായി നിര്‍മ്മിച്ചതായിരിക്കാം ഈ കുളമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
യഹൂദന്മാരുടെ രീതി അനുസരിച്ച് എണ്ണയും വീഞ്ഞും നിര്‍മ്മിക്കുന്ന സമയത്ത് കുളിക്കുന്ന ആചാരമുണ്ടായിരുന്നതായും ജില്ലാ പുരാവസ്തു ഗവേഷകന് അമിത് റിഎം പറഞ്ഞു.
അതുപോലെ യഹൂദന്മാര് ഇവിടെ കുളിച്ചിട്ട് പ്രാര്‍ത്ഥനയ്ക്കായി യെരുശലേം ദൈവാലയത്തിലേക്കു പോയിരുന്നതായും കരുതാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.