ക്രൂശെടുത്ത് അനുഗമിക്കുക

ക്രൂശെടുത്ത് അനുഗമിക്കുക

Articles

ക്രൂശെടുത്ത് അനുഗമിക്കുക
യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: ‘ഒരുത്തന്‍ എന്നെ അനുഗമിക്കാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ച് നാള്‍തോറും തന്‍റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കട്ടെ’ (ലൂക്കൊസ് 9:23) ക്രിസ്തീയ ജീവിതത്തിന്‍റെ വിജയം ഈ കല്‍പ്പന അനുകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ക്രൂശുകള്‍ സ്വര്‍ഗത്തിലേക്കുള്ള ഗോവണികളാണെന്ന് ഒരു ഭക്തന്‍ പറഞ്ഞിട്ടുണ്ട്. ക്രിസ്തീയ ജീവിതത്തില്‍ കഷ്ടങ്ങളും ഭാരങ്ങളുമുണ്ടാകാം.

നമുക്കുള്ള പലതും ചിലപ്പോള്‍ ത്യജിക്കേണ്ടി വന്നേക്കാം. യേശുകര്‍ത്താവ് ഇഹലോകത്തില്‍ ആയിരുന്നപ്പോള്‍ തനിക്കുണ്ടായിരുന്ന കഷ്ടപ്പാടുകള്‍, സ്വര്‍ഗീയ മഹിമയെ ലോകത്തിനു ശരിയായി വെളിപ്പെടുത്തുന്നതിന് ഉപകരിച്ചു.
ഒരുവന്‍ ക്രിസ്തുവിനെ അറിഞ്ഞാല്‍ അവന്‍ പുതിയ സൃഷ്ടിയാണ്.

ആ വ്യക്തി മുഴുവനായി രൂപാന്തരപ്പെടുന്നതു നിമിത്തമായി അയാളുടെ ചുറ്റുപാടുകളും വ്യത്യാസപ്പെട്ടതായിത്തീരുന്നു. പൗലൊസ് ക്രിസ്തുവിനെ കണ്ടെത്തിയ നാള്‍ മുതല്‍ തന്നെത്താന്‍ ത്യജിച്ച് ഒരു പുതിയ സൃഷ്ടിയായിത്തീര്‍ന്നു. അതോടെ ശൗല്‍ എന്ന വ്യക്തി അശേഷം ഇല്ലാതായി. അഹം ക്രൂശിക്കപ്പെട്ടു. യേശു ആ സ്ഥാനത്ത് അവനെ മുഴുവനായി ഭരിക്കുന്നു.

യേശു മുഴുവനായി ഭരിക്കുന്ന മനുഷ്യര്‍ മാത്രമേ ക്രിസ്ത്യാനികള്‍ ആകുകയുള്ളൂ. പഴയതെല്ലാം ക്രൂശിക്കപ്പെട്ടിരിക്കുന്നു. സര്‍വവും പുതുതായി തീര്‍ന്നിരിക്കുന്നു. യേശുവിനെ രക്ഷകനായി അംഗീകരിച്ചതുമൂലം മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നമ്മില്‍ ഇരിക്കുന്നു. നാം ക്രിസ്തുവില്‍ ആയിരുന്നതിനാല്‍ നമ്മുടെ ഏതു വിഷയത്തിനും പരിഹാരം വരുത്തുവാന്‍ യേശുവുണ്ട്.

ഹൃദയശുദ്ധി കൂടാതെ ആര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാദ്ധ്യമല്ല. ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല. ഹൃദയത്തെ നിര്‍മലമായി പാലിക്കേണ്ടതിന് സ്ഥിരമായ ക്രിസ്തീയ ജീവിതം അത്യന്താപേക്ഷിതമാണ്. വിശുദ്ധിയുടെ മൂര്‍ത്തിയായ യേശുവിനോടുള്ള നിരന്തര സാമീപ്യം മൂലവും സംസര്‍ഗം മൂലവും മാത്രമേ നിര്‍മലഹൃദയം ലഭ്യമാകയുള്ളൂ. നിര്‍മലമായ ഹൃദയം വലിയ സമ്പാദ്യമാണ്.

അതിനുവേണ്ടി ലോകത്തിന്‍റെ സ്ഥിതിഗതികള്‍ മിക്കവാറും മനുഷ്യരുടെ ഹൃദയദൃഷ്ടിയെ ആശ്രയിച്ചിരിക്കുന്നു. ഹൃദയശുദ്ധി എന്ന ഉത്കൃഷ്ടഗുണം മനുഷ്യജീവിതത്തിന്‍റെ നട്ടെല്ലാണ്. അശുദ്ധഹൃദയം മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റി പാപത്തിലേക്ക് വഴി നടത്തുന്നു. അതുമൂലം മനുഷ്യന്‍ രോഗിയായും നികൃഷ്ടനായും തീരുന്നു.

*ഓര്‍ത്തിരിക്കേണ്ട ഉദ്ധരണി*: യേശുക്രിസ്തുവാകുന്ന മുന്തിരിവള്ളിയില്‍ വസിക്കാത്ത ഒരാള്‍ക്ക് നല്ല ഫലം കായ്ക്കാന്‍ കഴിയുകയില്ല.

*പ്രാര്‍ത്ഥനാ മുറിയില്‍ ഒരുനിമിഷം* : നിസാമാബാദിലെ സിർപ്പൂരിൽ സുവിശേഷകനായ ബൻഡ കുമാറിനായി പ്രാർത്ഥിക്കുക. ഒപ്പമുള്ള സുവിശേഷകരുടെ ശുശ്രൂഷ അനു​ഗ്രഹിക്കപ്പെടുന്നതിനും കർതൃവേലയിൽ മുന്നോട്ടു കുതിക്കുവാൻ കർത്താവ് കരുത്തു പകരുന്നതിനും പ്രാർത്ഥിക്കുക.
റവ. പി. ജി. മാത്യൂസ്