മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല: കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്രകുശ് വാഹ. തീവ്രഹിന്ദുത്വ വാദികളുടെ വിവാദ പ്രസ്താവനകളും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും എന്‍ .ഡി.എ. സര്‍ക്കാരിന്റെ വീക്ഷണങ്ങള്‍ക്കു കോട്ടമുണ്ടാക്കിയതായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായ ഉപേന്ദ്രകുശ് വാഹ ചൂണ്ടിക്കാട്ടി.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.ക്കു നല്കിയ അഭിമുഖത്തിലാണ് എന്‍ .ഡി.എ. സഖ്യകക്ഷി ലോക് താന്ത്രിക് സമതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ കൂടിയായ ഉപേന്ദ്രയുടെ അഭിപ്രായപ്രകടനമുണ്ടായത്. നിലവിലുള്ള നിയമങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള വ്യവസ്ഥകളുണ്ട്.
ഏത് നിയമം കൊണ്ടുവന്നാലും മതപരിവര്‍ത്തനം തടയാനാവില്ല. ആര്‍ക്കും ബലപ്രയോഗത്തിലൂടെ ഒരാളുടെ മതം മാറ്റാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരില്‍ ഒരു സീറ്റുപോലും നേടാനായില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തേ എന്‍ .ഡി.എ. സഖ്യകക്ഷി നേതാവ് രാംവിലാസ് പാസ്വാനും കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ളയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

