ചെറുവക്കല്‍ കണ്വന്ഷന് സമാപിച്ചു
ചെറുവക്കല്‍ : ഐ. പി. സി വേങ്ങൂര്‍ സെന്ററിന്റെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും നിലമേല്‍ – കിളിമാനൂര്‍ ഏരിയാകളുടെയും നേതൃത്വത്തിലുള്ള ചെറുവക്കല്‍ കണ്വന്ഷന് ഇന്റര്‍ നാഷണല്‍ ന്യൂ ലൈഫ് മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ് റവ. ഡോ. ജോണ്സണ് ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു.
ദൈവ വചനം മനുഷ്യ മനസ്സുകളില്‍ ഗുണാത്മകമായ പരിവര്‍ത്തനം സൃഷ്ടിക്കുമെന്നും നികൃഷ്ടമാനസരെ ഉത്കൃഷ്ട മാനസരാക്കാനുള്ള ശക്തിസ്രോതസ്സാണതെന്നും അദ്ദേഹം പറഞ്ഞു. ലോകവും ഭരണ കൂടങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയുടെതാണ്. എന്നാല്‍ കൊടും ഭീകരരേയും പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമായി രൂപാന്തരപ്പെടുത്തുവാന്‍ ദൈവ വചനത്തിന് കഴിയും.
ദൈവവചനം മാറ്റമില്ലാത്തതാണെന്നും അതേ സമയം ഈ വചനം എല്ലാ മനുഷ്യരെയും ദൈവോന്മുഖമായി രൂപാന്തരപ്പെടുത്തി നന്മയുടെ സമൂഹത്തെ സൃഷ്ടിക്കുമെന്ന് ജോണ്സണ് ഡാനിയേല്‍ ഓര്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ജോണ്സണ് മേമന, റ്റിനു ജോര്‍ജ്ജ് , പി. സി. ചെറിയാന് , വര്‍ഗ്ഗീസ് എബ്രഹാം, ബാബു ചെറിയാന് , സുരേഷ് ബാബു, ഷിബു നെടുവേലില്‍ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വ്വഹിച്ചു.
22-ന് ന്യൂ ലൈഫ് സണ്ഡേസ്കൂള് വാര്‍ഷികം, 24-ന് ഐ.പി.സി വേങ്ങൂര്‍ പി.വൈ.പി.എ, സണ്ഡേസ്കൂള് വാര്‍ഷികവും, 25-ന് സോദരി സമാജം വാര്‍ഷികവും നടത്തപ്പെട്ടു. 28 ന് 8.30 -ന് ഐ. പി. സി വേങ്ങൂര്‍ സെന്ററിലെയും നിലമേല്‍ കിളിമാനൂര്‍ ഏരിയാകളിലെയും 80 സഭകളുടെ സംയുക്ത ആരാധനയില്‍ തിരുവത്താഴ ശുശ്രൂഷയ്ക്ക് അടൂര്‍ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗ്ഗീസ് നേതൃത്വം നല്കി. അഡ്മിനിസ്ട്രേറ്റര്‍ സാം. സി. ഡാനിയേല്‍ , സെക്രട്ടറി പാസ്റ്റര്‍ കെ. ഷാജി, പബ്ളിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ബിനുമോന് എന്നിവര്‍ നേതൃത്വം നല്കി.

