ഭയത്തെ തോല്‍പ്പിക്കാന്‍ കൃത്രിമ ബുദ്ധി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
ടോക്യോ: ഭയം ഇന്നു നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന ഒരു മാനസിക അവസ്ഥയാണ്.
ഇതിനെ നേരിടാന്‍ ശാസ്ത്രജ്ഞന്മാരുടെ പുതിയ കണ്ടുപിടുത്തം. പ്രത്യേക വസ്തുക്കളോടോ, സംഭവങ്ങളോടോ ഉള്ള അസാധാരണ ഭയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത് ജപ്പാനിലെ ടോക്യോ സര്‍വ്വകലാശാലയില്‍നിന്നുള്ള ഗവേഷകരാണ്.
കൃത്രിമ ബുദ്ധിയും തലച്ചോറിനെ സ്കാന്‍ ചെയ്യുന്ന വിദ്യയും ഉപയോഗിച്ച് ഭയം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോര്‍ സ്കാനര്‍ ഉപയോഗിച്ച് ഭയം ഉല്‍ഭവിക്കുന്ന ഭാഗം കണ്ടെത്തുകയും കൃത്രിമ ബുദ്ധി ഉപയോഗിച്ച് തലച്ചോറിലെ മാറ്റങ്ങള്‍ വായിച്ചെടുക്കുകയും ചെയ്യുന്ന വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.
ഇത് അകാരണ ഭയം അലട്ടുന്ന രോഗികളുടെ ചികിത്സയില്‍ വലിയ കാല്‍വെയ്പാണ്. ആരോഗ്യവാന്മാരായ 17 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഈ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്രത്യേക കമ്പ്യൂട്ടര്‍ ചിത്രം കാണുമ്പോള്‍ ഭയം ഉത്പ്പാദിപ്പിക്കുന്ന തരത്തില്‍ ഇവര്‍ക്ക് ആദ്യം ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് നല്കി.
പിന്നീട് തലച്ചോറിനെ സ്കാന്‍ ചെയ്ത് ഇവരുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ഭയം ഉണ്ടാകുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്തതായി ഗവേഷണത്തിനു നേതൃത്വം നല്കിയ അയ് കൊയ്സുമി പറയുന്നു. കൃത്രിമ ബുദ്ധി ഉപയോഗിച്ച് കൃത്രിമ ഭയത്തിന്റെ സ്വഭാവത്തെ പഠിച്ചു.
തുടര്‍ന്നു നടന്ന പഠനത്തില്‍നിന്നു ഭയത്തെക്കുറിച്ച് ബോധമില്ലാതിരിക്കുമ്പോഴും ഇവരുടെ തലച്ചോറില്‍ ഭയം ഉല്‍പ്പാദിപ്പിക്കുന്ന പ്രത്യേക പാറ്റേണ്‍ നിലനില്‍ക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഭയം ഉല്‍പ്പാദിപ്പിക്കുന്ന പ്രത്യേക പാറ്റേണില്‍ മാറ്റം വരുത്തിയശേഷം ചിത്രം കാണിക്കുമ്പോള്‍ ഇവര്‍ക്ക് പേടി തോന്നിയില്ല. തലച്ചോറിലെ ഭയം ഉല്‍പ്പാദിപ്പിക്കുന്ന ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ദ്ധനവ് ഉണ്ടായില്ല എന്നു കാണാനായെന്നും ഗവേഷകര്‍ പറയുന്നു.

