ദൈവത്തിന്റെ ശക്തി കാട്ടാന്‍ പാസ്റ്ററുടെ പരീക്ഷണം : യുവതി ദാരുണമായി മരിച്ചു
പാസ്റ്ററുടെ ദിവ്യാത്ഭുത പ്രവൃത്തി യുവതിയുടെ ജീവനെടുത്തു.
ദൈവത്തിന്റെ ശക്തി തെളിയിക്കാനായി പാസ്റ്റര്‍ ഭാരമേറിയ സ്പീക്കര്‍ യുവതിയുടെ ദേഹത്ത് കയറ്റി വെച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം. പോളോക് വാനിയിലെ മൗണ്ട് സിയോണ്‍ ജനറല്‍ അസംബ്ലി പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ആരാധനയ്ക്കിടെയാണ് ദൈവത്തിന്റെ അത്ഭുത പ്രവൃത്തി വിശദീകരിക്കാന്‍ പാസ്റ്ററായ ലെതെബോ റബലങ്ങോ ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്.
യേശു വെള്ളത്തിന് മുകളിലൂടെ നടന്നത് പോലുള്ള ഒരു അത്ഭുത പ്രവൃത്തി താന്‍ കാണിക്കാമെന്നും ദൈവാനുഗ്രഹത്താല്‍ വേദന അറിയില്ലെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്.
പെണ്‍കുട്ടിയോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ സഹായികളോട് അവളുടെ മുകളില്‍ ഭാരമേറിയ സ്പീക്കര്‍ കയറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ചു. അവിടം കൊണ്ടും അവസാനിപ്പിക്കാതെ ഇയാള്‍ ആ സ്പീക്കറിന് മുകളില്‍ കയറി ഇരുന്നു കൊണ്ട് പ്രഭാഷണം തുടര്‍ന്നു. അഞ്ച് മിനിറ്റിനു ശേഷം എഴുന്നേറ്റ് ഇയാള്‍ സ്പീക്കര്‍ മാറ്റിയെങ്കിലും പെണ്‍കുട്ടി എഴുന്നേറ്റില്ല.
സ്ഥലത്തുണ്ടായിരുന്നവര്‍ പ്രാഥമിക ശുശ്രൂഷ നല്കിയപ്പോള് കുട്ടി എഴുന്നേറ്റെങ്കിലും വാരിയെല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പൊട്ടല്‍ കൂടാതെ ശ്വാസകോശത്തിനും ആമാശയത്തിനും ഗുരുതരമായ മുറിവുമേറ്റ കുട്ടി പിന്നീട് മരണപ്പെട്ടു.
മരണത്തിന് ശേഷവും പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുകയാണ് പാസ്റ്റര്‍ ചെയ്തത്. അവള്‍ക്ക് വിശ്വാസം കുറഞ്ഞു പോയതാണ് മരണത്തിന് കാരണമായതെന്നാണ് അയാളുടെ വാദം.
പലതരത്തിലുള്ള തട്ടിപ്പുകളിലൂടെ മത പ്രഘോഷണം നടത്തുന്ന പാസ്റ്റര്‍മാരുടെ താവളമായാണ് പ്രിട്ടോറിയ അറിയപ്പെടുന്നത്.

